ബെംഗളൂരു:ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്ക് വര്‍ധിച്ചതോടെ രണ്ടാമതൊരു വിമാനത്താവളത്തിന്റെ സാധ്യതകള്‍ തേടുകയാണ് കര്‍ണാടക സര്‍ക്കാര്‍.ഇതിനായി മൂന്ന് സ്ഥലങ്ങളാണ് കണ്ടുവച്ചിരിക്കുന്നത്. ഇപ്പോഴിതാ, പദ്ധതിയില്‍ ഒരു സുപ്രധാന ചുവടുവയ്പ്പാണ് കര്‍ണാടക സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎസ്‌ഐഐഡിസി) നടത്തിയിരിക്കുന്നത്.ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത മൂന്ന് സ്ഥലങ്ങളുടെ സാധ്യതാ പഠനത്തിനായി കര്‍ണാടക സര്‍ക്കാര്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. കെഎസ്‌ഐഐഡിസിയാണ് ബെംഗളൂരു നഗരത്തിന്റെ പരിസര പ്രദേശങ്ങളിലുള്ള മൂന്ന് സ്ഥലങ്ങളുടെ സാധ്യതാ പഠനം നടത്താനായി ഒരു കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. ഐടി ഹബ്ബായ ബെംഗളൂരുവിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് ദീര്‍ഘകാലമായി ആലോചനയിലുള്ള രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലനിര്‍ണയ പ്രക്രിയ ആരംഭിച്ചിരിക്കുന്നത്.
മൂന്നു സ്ഥലങ്ങളാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ബെംഗളൂരുവിലെ രണ്ടാമത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി കണ്ടെത്തിയിട്ടുള്ളത്. കനകപുര റോഡിലെ ചൂഡഹള്ളി, സോമനഹള്ളി എന്നീ രണ്ട് പ്രദേശങ്ങളും തുംകൂര്‍ റോഡിലെ നെലമംഗലയ്ക്ക് സമീപമുള്ള ഒരു പ്രദേശവും ഇതില്‍ ഉള്‍പ്പെടുന്നു. ഈ മൂന്ന് സ്ഥലങ്ങളിലും ഏകദേശം 4,500 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏതാണ് ഏറ്റവും അനുയോജ്യമായ സ്ഥലം എന്നാണ് ഇനി കണ്ടെത്താനുള്ളത്.ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാര്‍ കനകപുര പ്രദേശത്ത് വിമാനത്താവളം വരുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യത്യസ്തമായ അഭിപ്രായമാണ് പങ്കുവെച്ചത്. അദ്ദേഹം തുംകൂര്‍ സൈറ്റിനോടാണ് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചത്.ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മെട്രോപൊളിറ്റന്‍ നഗരങ്ങളിലൊന്നായ ബെംഗളൂരുവില്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ വിമാനത്താവളം വരുന്നത്. ബെംഗളൂരുവില്‍ ഐടി, വ്യവസായം, വിദ്യാഭ്യാസ മേഖലകളുടെ വളര്‍ച്ച മൂലം വിമാന യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് ഗതാഗതത്തിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് ഹൊസൂരില്‍ ഒരു പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കാന്‍ തമിഴ്നാട് സര്‍ക്കാരും നീക്കങ്ങള്‍ നടത്തുന്നുണ്ട്. പ്രതിവര്‍ഷം ഏകദേശം 30 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയിലാണ് ഹൊസൂര്‍ വിമാനത്താവളം നിര്‍മിക്കുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള വിമാന യാത്രക്കാരെ ആകര്‍ഷിക്കാനാണ് തമിഴ്നാടിന്റെ ശ്രമം. ഇതിനെ പ്രതിരോധിക്കാന്‍ കൂടിയാണ് ബെംഗളൂരുവില്‍ രണ്ടാമത്തെ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ വേഗത്തില്‍ നടപടികള്‍ നീക്കുന്നത്.ടെന്‍ഡറിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കണ്‍സള്‍ട്ടന്റുകള്‍ സാങ്കേതിക, പാരിസ്ഥിതിക, സാമ്ബത്തിക വശങ്ങള്‍ ഉള്‍പ്പെടെ സമഗ്രമായ പഠനം നടത്തും. വിമാനത്താവളം നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശത്തിന്റെ ഭൂവിസ്തൃതി, ഭൂപ്രകൃതി, കാലാവസ്ഥ, വൈദ്യുതിയുടെയും വെള്ളത്തിന്റെയും ലഭ്യത, ഡ്രെയിനേജ് സംവിധാനം, ജനസംഖ്യ, പാരിസ്ഥിതിക ആഘാതങ്ങള്‍, ബെംഗളൂരുവിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള ദൂരം തുടങ്ങിയ ഘടകങ്ങള്‍ വിശദമായി പരിശോധിക്കും.ഒരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് ആവശ്യമായ നിയമപരമായ അനുമതികള്‍ ഏതൊക്കെയാണെന്ന് കണ്‍സള്‍ട്ടന്റുകള്‍ നിര്‍ദേശിക്കും. ഇതില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, പ്രതിരോധ മന്ത്രാലയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ അനുമതികള്‍ ഉള്‍പ്പെടുന്നുണ്ട്.ബെംഗളൂരുവിന്റെ വ്യോമ ഗതാഗതത്തിലെ വളര്‍ച്ചയ്ക്കും സാമ്ബത്തിക വികസനത്തിലും ഈ പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.