ച്യൂയിംഗം കഴിച്ച് കോവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകര്‍. വളരെ കുറഞ്ഞ ചെലവിലുള്ള ച്യൂയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കോവിഡ് പകരാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് ഇവരുടെ അവകാശവാദം.കോവിഡ് വൈറസ് ഉമിനീര് ഗ്രന്ഥികളിലാണ് കൂടുതലായും സ്ഥിതി ചെയ്യുക. അതാണ് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും ഇത് പടരാന്‍ സാധ്യത കൂടുതല്‍. എന്നാല്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത ച്യൂയിംഗം ഉമിനീരിലടങ്ങിയിരിക്കുന്ന വൈറസുകളെ നിര്ജീവമാക്കും. ഇതോടെ വൈറസ് പടരുന്നത് തടയാമെന്നും ഗവേഷകര്‍ പറയുന്നു.
യുഎസ് ആസ്ഥാനമായുള്ള പെന്‍സ് സ്കൂള്‍ ഓഫ് ഡെന്റല്‍ മെഡിസിന്റെ നേതൃത്വത്തിലാണ് പഠനം. ഹെന്‍ട്രി ഡാനിയേലിന്റെ നേതൃത്വത്തില്‍ പെന്‍സ് സ്കൂള്‍ ഓഫ് ഡെന്റല്‍ മെഡിസിന്, പെറേല്‍മാന്‍ സ്കൂള്‍ ഓഫ് മെഡിസിന് ആന്‍ഡ് സ്കൂള്‍ വെറ്റിനറി മെഡിസിന്, ദി വിസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫ്രാന്‍ഹോഫര്‍ യുഎസ്എ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് കൗതുകമുണര്‍ത്തുന്ന കണ്ടെത്തല്‍ നടത്തിയത്. മോളിക്യുലാര്‍ തെറാപ്പിയെന്ന ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കോവിഡ് ബാധിതരുടെ ഉമിനീര് സാംപിളുകള്‍ എസിഇ2 ഗമ്മുമായി ചേര്‍ത്ത് നടത്തിയ പഠനമാണ് കണ്ടെത്തലിന് വഴിയൊരുക്കിയത്. ഈ പഠനത്തില്‍ വൈറല്‍ ആര്‍എന്‍എ ലെവല്‍ കണ്ടെത്താന്‍ കഴിയാത്ത തരത്തില്‍ കുറയുകയായിരുന്നു. ഇതാണ് എസിഇ2 ഗം ഉപയോഗിച്ച് കോവിഡ് വൈറസ് കുറയ്ക്കാമെന്ന കണ്ടെത്തലിന് സഹായിച്ചത്.
കോശങ്ങളിലേക്ക് വൈറസ് കടക്കുന്നതിനെ ച്യൂയിഗം തടയുന്നതായും ഇവരുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏതായാലും ഒരു ക്ലിനിക്കല്‍ പരിശോധന നടത്താനുള്ള അനുമതി തേടുകയാണ് ഈ ഗവേഷക സംഘം.വാക്സിനേഷന് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ രോഗം പടരുന്നത് തടയാന്‍ സഹായിക്കുന്നില്ല. പൂര്‍ണമായി വാക്സിന് സ്വീകരിച്ചവര്‍ക്ക് പോലും രോഗമുണ്ടാകുന്നു. വാക്സിന് സ്വീകരിക്കാത്തവരെ പോലെ തന്നെ ഇവരും വൈറസ് വാഹകരാകുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പഠനം പ്രസക്തമാകുന്നത്.