ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം തള്ളി വിദ്യാഭ്യാസവകുപ്പ്; സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു. ഈ മാസം 23 മുതൽ ഒമ്പതാം ക്ലാസ് മുതൽ മുകളിലേക്കുള്ള വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് വ്യക്തമാക്കി. കുട്ടികളിൽ കോവിഡ് വ്യാപനം വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ സ്കൂൾ തുറക്കുന്നത് നീട്ടിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും 23 ന് ക്ലാസുകൾ തുടങ്ങുന്നതിന് ഒരു തടസ്സങ്ങളുമില്ലെന്നും മന്ത്രി പറഞ്ഞു. ഒമ്പതാം ക്ലാസിന് താഴേയ്ക്കുള്ള വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം അവസാനത്തോടെയേ ഉണ്ടാകൂ.
ചെറിയ കുട്ടികളായതിനാൽ സാഹചര്യം നിരീക്ഷിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനത്തിലെത്തുക. സ്കൂൾ തുറക്കുന്നത് സുരക്ഷാ സംവിധാനങ്ങൾ പാലിച്ചായിരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം സ്കൂൾ തുറക്കുന്നത് നീട്ടിവെക്കണമെന്ന് ഒരുവിഭാഗം രക്ഷിതാക്കളും ആരോഗ്യപ്രവർത്തരും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നാംതരംഗ ഭീഷണി നിലനിൽക്കുന്നതിനാൽ സ്കൂൾ തുറക്കുന്നത് നീട്ടിവെക്കുകയും ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സംവിധാനങ്ങളൊരുക്കുകയും വേണമെന്നാണ് ഇവരുടെ ആവശ്യം.