ബെംഗളൂരു : കന്നഡ സംസാരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിഴ ചുമത്തി സ്‌കൂള്‍ ആധികൃതര്‍.ബെംഗളൂരു നഗരത്തിലെ കുമാരകൃപ റോഡിലുള്ള സിന്ധി ഹൈസ്‌കൂളിലാണ് സംഭവം. സംഭവത്തില്‍, ബാംഗ്ലൂര്‍ നോര്‍ത്ത് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച്, സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഡിഎ പ്രസിഡന്റ് പുരുഷോത്തം ബിലിമലെ വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയ്ക്കും ചീഫ് സെക്രട്ടറി ശാലിനി രജനീഷ്‌ക്കും ഒരു കത്തെഴുതി.കന്നഡയില്‍ സംസാരിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് പിഴ ചുമത്തിയതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തന്നെ സമ്മതിച്ചതായി രേഖകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കുന്നത് ശരിയല്ലെന്നും അത്തരം സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍, അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും സ്വന്തം നാട്ടില്‍ കന്നഡ ഒരു അന്യഭാഷയായി മാറുന്ന സാഹചര്യം അനിവാര്യമായും സൃഷ്ടിക്കുമെന്ന് അവര്‍ ആശങ്ക പ്രകടിപ്പിച്ചു.സര്‍ക്കാരിന്റെ കന്നഡ അനുകൂല നിലപാട് തെളിയിക്കാന്‍ വിദ്യാഭ്യാസ മന്ത്രി മനസ്സുതുറക്കേണ്ടതുണ്ട്. ഈ നാടിന്റെ ഭാഷയെ ലംഘിച്ച സിന്ധി ഹൈസ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുകയും എന്‍ഒസി പിന്‍വലിക്കുകയും വേണം. വിദ്യാഭ്യാസ മന്ത്രിയുടെ നടപടി സംസ്ഥാനം മുഴുവന്‍ എത്തിയാല്‍, അത് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരു പാഠമായിരിക്കുമെന്നും കെഡിഎ പ്രസിഡന്റ് പുരുഷോത്തം ബിലിമലെ പറഞ്ഞു.