കര്‍ണാടക-വിജയപുരയിലെ എസ്ബിഐ ശാഖയില്‍ നിന്ന് മൂന്ന് മുഖംമൂടി ധാരികള്‍ 20 കോടി വിലമതിക്കുന്ന പണവും സ്വര്‍ണവും കവര്‍ന്നതില്‍ സുപ്രധാന വിവരങ്ങള്‍ പുറത്ത്.സംഘത്തിന്റെ പക്കലുണ്ടായിരുന്നത് നാടന്‍ പിസ്റ്റളുകളും കത്തികളുമടങ്ങുന്ന ആയുധങ്ങളായിരുന്നുവെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസിന് മൊഴി നല്‍കി.ആയുധങ്ങള്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം തങ്ങളെ ബന്ദികളാക്കി. തുടര്‍ന്ന് പണവും ആഭരണവും കവര്‍ന്നു.
ശേഷം അവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ജീവനക്കാര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ. ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. ബാങ്കിന്റെ ക്ലോസിങ് സമയമായതിനാല്‍ ആളുകള്‍ ഉണ്ടാകില്ലെന്നതിനാലായിരിക്കാം ഈ സമയം തെരഞ്ഞെടുത്തിട്ടുണ്ടാവുക.മൂന്ന് പുരുഷന്‍മാര്‍ കറണ്ട് അക്കൗണ്ട് തുറക്കാനെന്ന വ്യാജേനയാണ് ബാങ്കിന് പുറത്തെത്തിയത്. ഉള്ളില്‍ പ്രവേശിക്കുമ്ബോഴേക്കും മുഖം മൂടി താഴ്ത്തിയ ശേഷം മാനേജര്‍, കാഷ്യര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ തോക്കും കത്തിയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പണവും ആഭരണങ്ങളും കവരുകയും പിന്‍തുടരാതിരിക്കാന്‍ ജീവനക്കാരുടെ കൈകാലുകള്‍ ബന്ധിക്കുകയും ചെയ്തു.
ഒരു കോടിയലധികം രൂപയും 20 കിലോഗ്രാം സ്വര്‍ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടതെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എസ്ബിഐ ശാഖയിലെ മാനേജരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.മോഷ്ടാക്കള്‍ വ്യാജ നമ്ബര്‍ പ്ലേറ്റുള്ള സുസുക്കി ഇവാ വാഹനമാണ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കവര്‍ച്ചയ്ക്ക് ശേഷം മൂന്നംഗ സംഘം മഹാരാഷ്ട്രയിലെ പന്തര്‍പൂരിലേക്കാണ് തിരിച്ചതെന്നും പൊലീസ് വിശദീകരിച്ചു.