തൃശൂർ: പൂരനഗരിയെ ശബ്ദവർണഘോഷങ്ങളില്‍ ആറാടിക്കുന്ന കരിമരുന്നിന്റെ സാമ്ബ്ള്‍ ഇന്ദ്രജാലം ഇന്ന്. രാത്രി ഏഴിനാണ് സാമ്ബ്ള്‍ വെടിക്കെട്ടിന് തുടക്കമാവുക. ആദ്യം പാറമേക്കാവും തുടർന്ന് തിരുവമ്ബാടിയുമാണ് വെടിക്കെട്ടിന് തിരികൊളുത്തുക. പാറമേക്കാവിന് ഏഴു മുതല്‍ ഒമ്ബതു വരെയും തിരുവമ്ബാടിക്ക് ഏഴു മുതല്‍ 8.30 വരെയുമാണ് സമയം അനുവദിച്ചിട്ടുള്ളത്.
പൂരത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തിരുവമ്ബാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് കരാറുകാരൻ ഒരാളാണെന്ന പ്രത്യേകത ഇക്കുറിയുണ്ട്. മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശാണ് ഇരുവിഭാഗത്തിനും വെടിക്കെട്ട് ഒരുക്കുന്നത്. കഴിഞ്ഞ തവണ തിരുവമ്ബാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു സതീശൻ. പതിവുപോലെ ആരോഗ്യകരമായ മത്സരം ഉണ്ടാകുമെന്നും ഇരു കമ്മിറ്റിയുടെ താല്പര്യപ്രകാരം ഒരുക്കുന്ന വെടിക്കെട്ടിന്റെ രഹസ്യം നിലനിർത്തുമെന്നും സതീശൻ പറയുന്നു.
പഴയ നിലയമിട്ടുകള്‍ മുതല്‍ ബഹുവർണ അമിട്ടുകള്‍, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവയും വെടിക്കെട്ടിലുണ്ടാകും. ആദ്യ 20 മിനിറ്റിനകം ഇരുവിഭാഗങ്ങളുടെയും കൂട്ടപ്പൊരിച്ചില്‍ നടക്കും. തുടർന്ന് വർണ അമിട്ടുകളുടെ ആഘോഷം നടക്കും. വെടിക്കെട്ട് പ്രേമികളുടെ മനസ്സില്‍ മായാതെ നില്ക്കുന്ന തരത്തില്‍ പുത്തൻ പരീക്ഷണങ്ങളാണ് ഇരുവിഭാഗക്കാരുടെയും വെടിക്കെട്ടുപുരകളില്‍ ഒരുങ്ങുന്നത്. ആകാശത്ത് പൊട്ടിവിരിഞ്ഞശേഷം താഴേക്ക് ഊർന്നിറങ്ങുന്ന ‘ഗുണ കേവും’, ആകാശത്ത് ഹൃദയത്തിന്റെ ആകൃതിയില്‍ വിരിയുന്ന ‘പ്രേമലു’വും എല്ലാം സ്പെഷല്‍ അമിട്ടിലുണ്ടാകും. പൂരത്തിന്റെ പ്രധാന വെടിക്കെട്ട് 20ന് പുലർച്ചയാണ്. പാറമേക്കാവിന് പുലർച്ച മൂന്നു മുതല്‍ ആറു വരെയും തിരുവമ്ബാടിക്ക് മൂന്നു മുതല്‍ അഞ്ചു വരെയുമാണ് സമയം. പകല്‍പൂരത്തിന്റെ ഭാഗമായ വെടിക്കെട്ട് 21ന് ഉച്ചക്ക് നടക്കും.
നൂറോളം തൊഴിലാളികളുടെ ഏറെനാളത്തെ പ്രയത്നത്തിന്റെ ഫലമാണ് പൂരം വെടിക്കെട്ട്. അപ്രതീക്ഷിതമായി മഴ പെയ്താല്‍ വെടിക്കെട്ട് സാമഗ്രികള്‍ സംരക്ഷിക്കാൻ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കലക്ടർ അടക്കം ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ വെടിക്കെട്ട് നടക്കുന്ന സ്ഥലം സന്ദർശിച്ചിരുന്നു.
നഗരം കനത്ത പൊലീസ് സുരക്ഷയിലാണ്. സ്വരാജ് റൗണ്ടില്‍നിന്ന് വെടിക്കെട്ട് കാണുന്നതിന് പൊതുജനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇക്കുറിയുമുണ്ടാകും. റൗണ്ടില്‍ ‘പെസോ’ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ)യും പൊലീസും അനുവദിച്ച വിവിധ സ്ഥലങ്ങളില്‍നിന്നാണ് വെടിക്കെട്ട് കാണാനാവുക.
പൂരവിളംബരം നാളെ
തൃശൂർ: പൂരത്തിന്റെ വിളംബരമറിയിച്ച് വ്യാഴാഴ്ച നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറക്കും. കൊച്ചിൻ ദേവസ്വം ശിവകുമാറിന്റെ ശിരസ്സിലേറിവരുന്ന ഭഗവതി മണികണ്ഠനാലില്‍നിന്ന് മേളത്തോടെയാണ് വടക്കുംനാഥനിലെത്തുക. ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച് വടക്കുംനാഥനെ വണങ്ങി പതിനൊന്നരയോടെ തെക്കേ ഗോപുരനട തുറക്കും. പൂരദിവസം രാവിലെ കണിമംഗലം ശാസ്താവാണ് ആദ്യം തെക്കേ ഗോപുരനട വഴി വടക്കുംനാഥനിലേക്ക് പ്രവേശിക്കുക.