ബംഗളൂരു: 2026 ഫെബ്രുവരിയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാർഷികത്തിന്‍റെ ആഘോഷ പരിപാടികള്‍ക്ക് ബംഗളൂരുവില്‍ പ്രൗഢ തുടക്കം.
ഞായറാഴ്ച ബംഗളൂരു പാലസ് മൈതാനത്ത് ചടങ്ങ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.
സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. സമസ്തയുടെ പ്രവർത്തനങ്ങള്‍ ദേശീയ, അന്തർദേശീയ തലത്തില്‍ വ്യാപിപ്പിക്കും, അന്താരാഷ്ട്ര തലത്തില്‍ കോഓഡിനേഷൻ കമ്മിറ്റിക്ക് രൂപം നല്‍കും, ബംഗളൂരു കേന്ദ്രീകരിച്ച് വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കും, കൂടുതല്‍ മേഖലയിലേക്ക് വിദ്യാഭ്യാസ പ്രവർത്തനങ്ങള്‍ വ്യാപിപ്പിക്കും, പുതിയ പ്രബോധന പ്രവർത്തനങ്ങള്‍ ആവിഷ്കരിക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ അദ്ദേഹം നടത്തി.
രാവിലെ 10ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനറും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. കേരളത്തിന് പുറത്ത് സമസ്തയുടെ ആദ്യമുശാവറ യോഗം ബംഗളൂരുവില്‍ നടന്നു. പൊതുസമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നട ജില്ല ജനറല്‍ സെക്രട്ടറിയുമായ വി.കെ. അബ്ദുല്‍ ഖാദര്‍ മുസ്‍ലിയാര്‍ ബംബ്രാണ ആമുഖപ്രഭാഷണം നിർവഹിച്ചു.
മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റും എസ്.വൈ.എസ് പ്രസിഡന്‍റുമായ സാദിഖലി തങ്ങള്‍ മുഖ്യപ്രഭാഷണം നിർവഹിച്ചു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യാതിഥിയായി. കര്‍ണാടകയില്‍ 2500 വിഖായ വളന്റിയര്‍മാരുടെ സമര്‍പ്പണം ശിവകുമാര്‍ നിർവഹിച്ചു.
കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, ആഭ്യന്തര വകുപ്പ് മന്ത്രി ജി. പരമേശ്വര, മന്ത്രിമാരായ രാമലിംഗ റെഡ്ഡി, ദിനേശ് ഗുണ്ടുറാവു, ഭൈരതി സുരേഷ്, കെ.ജെ. ജോര്‍ജ്, ചീഫ് വിപ്പ് സലീം മുഹമ്മദ്, മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, എന്‍.എ. ഹാരിസ് എം.എല്‍.എ, മുഖ്യമന്ത്രിയുടെ പെളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹ്മദ്, റിസ്‍വാന്‍ അര്‍ഷദ് എം.എല്‍.എ, ബി.എം. ഫാറൂഖ് എം.എല്‍.സി, പൊന്നണ്ണ എം.എല്‍.എ, ഡോ. മന്ദർഗൗഡ എം.എല്‍.എ എന്നിവർ വിശിഷ്ടാതിഥികളായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‍ലിയാര്‍ കൊയ്യോട് പ്രഭാഷണം നിർവഹിച്ചു. കേന്ദ്ര മുശാവറ നേതാക്കളായ കോട്ടുമല എം.കെ. മൊയ്തീന്‍ കുട്ടി മുസ്‍ലിയാര്‍, എം.പി കുഞ്ഞഹമ്മദ് മുസ്‍ലിയാര്‍ നെല്ലായ, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, കെ. ഉമര്‍ ഫൈസി മുക്കം തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.
സമസ്ത മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാര്‍ സ്വാഗതവും സംഘാടക സമിതി വർക്കിങ് കണ്‍വീനർ പി.എം. അബ്ദുല്ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു.