Home Featured എആര്‍ റഹ്മാന്റെ മുന്‍ ഭാര്യ എന്ന് വിളിക്കരുത്; വിവാഹ മോചിതരായിട്ടില്ല, വെളിപ്പെടുത്തി സൈറ ബാനു

എആര്‍ റഹ്മാന്റെ മുന്‍ ഭാര്യ എന്ന് വിളിക്കരുത്; വിവാഹ മോചിതരായിട്ടില്ല, വെളിപ്പെടുത്തി സൈറ ബാനു

by admin

നെഞ്ചുവേദനയെ തുടര്‍ന്ന് എആര്‍ റഹ്മാനെ ഇന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.നിരവധി സംഗീത പ്രേമികളും ആരാധാകരും റഹ്മാന്റെ ആരോഗ്യ സുഖത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോഗ്യവിവരം തിരക്കിയിരുന്നു.എന്നാല്‍ ഇപ്പോള്‍ സൈറ ബാനു അദ്ദേഹത്തിന്റെ പൂര്‍ണ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ഇരുവരുടെയും ബന്ധത്തെ കുറിച്ച്‌ ചില സുപ്രധാന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയുമാണ്. റഹ്മാന്റെ മുന്‍ ഭാര്യ എന്ന് തന്നെ വിളിക്കരുത് എന്നാണ് സൈറ ബാനു പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ അറിയാം.

താനും റഹ്മാനും വേര്‍പ്പിരിഞ്ഞു താമസിക്കുന്നു എന്നത് ശരിയാണ്. എന്നാല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല എന്ന് സൈറ ബാനു വിശദീകരിച്ചു. റഹ്മാന്റെ മുന്‍ ഭാര്യ എന്ന് തന്നെ വിളിക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. തന്റെ ആരോഗ്യ കാരണങ്ങളാലാണ് വേര്‍പ്പിരിയാന്‍ തീരുമാനിച്ചത്. റഹ്മാന് നെഞ്ചുവേദന വന്നുവെന്നും ചികില്‍സ തേടി വീട്ടിലേക്ക് തിരിച്ച കാര്യവും അറിഞ്ഞു. സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമെന്നും സൈറ ബാനു പറഞ്ഞു.

പൂര്‍ണ ആരോഗ്യവാനായി തുടരട്ടെ എന്ന് ആശംസിച്ച സൈറ ബാനു, റഹ്മാന് കൂടുതല്‍ സ്ട്രസ് നല്‍കരുതെന്ന് കുടുംബത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു. നിയമപരമായി തങ്ങള്‍ ഇരുവരും വിവാഹ മോചിതരായിട്ടില്ല. ഇപ്പോഴും ഭാര്യയും ഭര്‍ത്താവുമാണ്. തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് വേര്‍പ്പിരിഞ്ഞു താമസിക്കുകയാണെന്നും സൈറ ബാനു പ്രസ്താവനയില്‍ വ്യക്തമാക്കി.കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. റഹ്മാന് വിഷമം ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. മാധ്യമങ്ങള്‍ റഹ്മാന്റെ മുന്‍ ഭാര്യ എന്ന് തന്നെ വിളിക്കരുത്. റഹ്മാന് എല്ലാ ആശംസകളും നേരുന്നു. റഹ്മാന് മാനസിക സംഘര്‍ഷമുണ്ടാക്കരുത് എന്ന് കുടുംബത്തോട് അഭ്യര്‍ഥിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം ശ്രദ്ധിക്കണമെന്നും ആവശ്യപ്പെടുന്നു എന്നാണ് സൈറ ബാനു പ്രസ്താവനയില്‍ പറയുന്നത്.

1995ലാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ഇരുവരും പിരിയുകയാണ് എന്ന് അറിയിച്ചിരുന്നു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് പ്രസ്താവനയായി ഇക്കാര്യം അറിയിച്ചത്. അടുക്കാനാകാത വിധം അകന്നുപോയി എന്ന് സൂചിപ്പിച്ചാണ് സൈറ ബാനു വിവരം പങ്കുവച്ചത്. വികാരനിര്‍ഭരമായ കുറിപ്പ് റഹ്മാനും പങ്കുവച്ചിരുന്നു.കഴിഞ്ഞമാസം സൈറ ബാനു ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ശസ്ത്രക്രിയക്ക് വിധേയയാകുകയും ചെയ്തു. ആശുപത്രി വിട്ട ശേഷം സൈറ ബാനു അഭിഭാഷക മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ എആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടപ്പാട് അറിയിച്ചു. എന്നാല്‍ എന്താണ് സൈറയുടെ അസുഖം എന്ന് വ്യക്തമല്ല.ലോസ് ആഞ്ചലസിലെ സുഹൃത്തുക്കള്‍, റസൂല്‍ പൂക്കുട്ടി, ഭാര്യ ഷാദിയ, വന്ദന ഷാ, റഹ്മാന്‍ എന്നിവരോട് നന്ദി അറിയിക്കുന്നു എന്നാണ് സൈറ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. സൈറയ്ക്കും റഹ്മാനും മൂന്ന് മക്കളാണുള്ളത്. ഖദീജ, റഹീമ, അമീന്‍ എന്നിവരാണ് മക്കള്‍

You may also like

error: Content is protected !!
Join Our WhatsApp Group