ബാംഗ്ലൂർ : സഹജാരി സെന്റർ ബാംഗ്ലൂർ പ്രവർത്തക സംഗമവും ജാരിയ പ്രാർത്ഥനാ സദസ്സും എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റും ജാരിയ ചെയർമാനുമായ സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ കണ്ണന്തളി ഉത്ഘാടനം ചെയ്തു . സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനോടൊപ്പം ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സഹചാരി സെന്റർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തങ്ങൾ ഓർമപ്പെടുത്തി . ബാംഗ്ലൂരിലെ ജയനഗറിലാണ് സഹചാരി സെന്റർ പ്രവർത്തനമാരംഭിച്ചത് .
നിംഹാൻസ് ഹോസ്പിറ്റൽ , കിദ്വായി കാൻസർ സെന്റർ , ജയദേവ ഹോസ്പിറ്റൽ , സഞ്ജയ് ഗാന്ധി ഹോസ്പിറ്റൽ തുടങ്ങി നിരവധി പ്രധാനപ്പെട്ട ഹോസ്പിറ്റലുകളുടെ രണ്ടു കിലോമീറ്റർ പരിധിയിലാണ് ഈ സേവന കേന്ദ്രം സ്‌ഥിതി ചെയ്യുന്നത് . കേരളം, തമിഴ്നാട് , ആന്ദ്ര പ്രദേശ് , തെലുങ്കാന , എന്നീ അയൽ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലെ മറ്റു ജില്ലകളിൽ നിന്നും നൂറു കണക്കിന് രോഗികൾ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശ്രയിക്കുന്ന ഇടങ്ങൾ ആണീ ഹോസ്പിറ്റലുകൾ.
വിവിധ ജീവകാരുണ്യ പദ്ധതികൾ ഏകോപിപ്പിക്കുന്ന സഹചാരി സെന്റർ ഓഫീസ് , മെഡിക്കൽ എക്വിപ്മെന്റ് സെന്റർ , മെഡിസിൻ ബാങ്ക് , ഹെല്പ് ഡെസ്ക് , ഇൻഫർമേഷൻ സെന്റർ , രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള താമസ സൗകര്യം , ആംബുലൻസ് സർവീസ് എന്നിവയാണ് ബാംഗ്ലൂർ സഹചാരി സെന്ററിനു കീഴിൽ നടക്കുന്ന ബഹു മുഖ സേവനങ്ങൾ . സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തന ഭാഗമെന്നോണം പുണ്യ സമസ്ത നൂറിന്റെ നിറവിൽ എന്ന വിഷയത്തിൽ എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി മുജീബ് റഹ്മാൻ അന്സ്വരി പ്രമേയ പ്രഭാഷണം നിർവഹിച്ചു .
എസ് കെ എസ് എസ് എഫ് സംസ്ഥാന ജന സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് മുഖ്യ പ്രഭാഷണവും സംസ്ഥാന വിഖായ ചെയർമാൻ മൊയ്‌ദീൻ കുട്ടി യമാനി ആശംസ പ്രഭാഷണവും നടത്തി . ജീവ കാരുണ്യ പ്രവർത്തകൻ നാദിർഷ ജയനഗർ സഹചാരി സെന്റർ പ്രൊജക്റ്റ് പ്ലാനിങ് അവതരിപ്പിച്ചു. സമദ് മൗലവി മാണിയൂർ അദ്ധ്യക്ഷനായ പരിപാടിയിൽ ജുനൈദ് കെ ആമുഖവും , സലീം കെ കെ സ്വാഗതവും ഷാജൽ സി എച്ച് നന്ദിയും പറഞ്ഞു . സുഹൈൽ ഫൈസി എം ജി റോഡ് , ഹുസൈനാർ ഫൈസി , എ. കെ അഷ്‌റഫ് ഹാജി കമ്മനഹള്ളി , പി. എം അബ്ദുൽ ലത്തീഫ് ഹാജി ആർ സി പുരം , ഫാറൂഖ് കെ എച്ച് , ശംസുദ്ധീൻ സാറ്റലൈറ്റ് , മുസ്തഫ ഹുദവി , ശംസുദ്ധീൻ കൂടാളി , സി കെ നൗഷാദ് , ശംസുദ്ധീൻ അനുഗ്രഹ , ഈസ നീലസാന്ദ്ര , എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു .