ശബരിമല തീർഥാടനത്തിൻ്റെയും പൊങ്കല്‍ ഉത്സവത്തിൻ്റെയും തിരക്ക് പരിഗണിച്ച് രണ്ട് പ്രധാന സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസുകള്‍ ദക്ഷിണ പശ്ചിമ റെയില്‍വേ നീട്ടി.നിലവില്‍ ഡിസംബർ അവസാനം വരെ സർവീസ് നടത്താൻ തീരുമാനിച്ചിരുന്ന ട്രെയിനുകളാണ് 2026 ജനുവരി അവസാനം വരെ നീട്ടി നല്‍കിയത്. ഹുബ്ബള്ളി-കൊല്ലം, എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷല്‍ ട്രെയിനുകളുടെ സർവീസ് ആണ് നീട്ടിയത്.എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (06547) ജനുവരി 29 വരെയും തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബെംഗളൂരു (06548) 30 വരെയും സർവീസ് നടത്തും. ബെംഗളൂരുവില്‍ നിന്നു ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലുമാണ് സർവീസ്.
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (06555) ജനുവരി 30 വരെയും തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു (06556) ഫെബ്രുവരി ഒന്നു വരെയും സർവീസ് നടത്തും. ബെംഗളൂരുവില്‍ നിന്നു വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ഞായറാഴ്ചകളിലുമാണു സർവീസ്. ബെംഗളൂരുവില്‍ രാവിലെ 7.30നു പകരം 8.15നാണു ട്രെയിൻ എത്തുക.ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി-കൊല്ലം സ്പെഷല്‍ (07313) ജനുവരി 25 വരെയും കൊല്ലം-എസ്എംവിടി ബെംഗളൂരു (07314) സ്പെഷല്‍ ജനുവരി 26 വരെയും സർവീസ് നടത്തും. ഹുബ്ബള്ളിയില്‍ നിന്നു ഞായറാഴ്ചകളിലും കൊല്ലത്ത് നിന്നു തിങ്കളാഴ്ചകളിലുമാണു സർവീസ്. നിലവില്‍ കൊല്ലത്ത് ഉച്ചയ്ക്കു 12.55ന് എത്തിയിരുന്ന ട്രെയിൻ 1.15നു മാത്രമേ എത്തുകയുള്ളൂ. എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് (06523) ജനുവരി 26 വരെയും തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു (06524) 27 വരെയും സർവീസ് നടത്തും. ബെംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ചൊവ്വാഴ്ചകളിലുമാണു സർവീസ്.