ബെംഗളൂരു: ദീപാവലി അവധിയോട് അനുബന്ധിച്ച് കഴിഞ്ഞദിവസം പ്രഖ്യാപിച്ച ബെംഗളൂരു എസ്എംവിടി-കൊല്ലം പ്രത്യേക തീവണ്ടിയില്‍ (06561) റിസര്‍വേഷന്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ടിക്കറ്റ് തീര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് എസ്എംവിടിയില്‍നിന്ന് പുറപ്പെടുന്ന തീവണ്ടിയില്‍ തിങ്കളാഴ്ച രാവിലെ എട്ടിനാണ് റിസര്‍വേഷന്‍ ആരംഭിച്ചത്. രണ്ട് മണിക്കൂറിനുള്ളില്‍ 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. പിന്നീട് ഉച്ചയ്ക്ക് മുന്‍പുതന്നെ സ്ലീപ്പറിലും തേഡ് എസിയിലും ബെര്‍ത്തുറപ്പുള്ള ടിക്കറ്റുകള്‍ തീര്‍ന്നു.
തിങ്കളാഴ്ച രാത്രി വരെയുള്ള റിസര്‍വേഷന്‍ പ്രകാരം ഈ തീവണ്ടിയില്‍ സ്ലീപ്പര്‍ ക്ലാസിലെ നില വെയിറ്റിങ് ലിസ്റ്റ് 20 എത്തി. തേഡ് എസിയില്‍ വെയിറ്റിങ് ലിസ്റ്റ് എട്ടാണ്. സെക്കന്‍ഡ് എസിയിലും ബെര്‍ത്തുറപ്പുള്ള ടിക്കറ്റ് തീര്‍ന്നു. ഇതേ ദിവസമുള്ള യശ്വന്ത്പൂര്‍-തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) എസി എക്‌സ്പ്രസിലും ഐലന്‍ഡ് എക്‌സ്പ്രസിലും ഗരീബ്രഥിലും നേരത്തെ തന്നെ ടിക്കറ്റ് തീര്‍ന്നിരുന്നു. ഐലന്‍ഡ് എക്സ്പ്രസില്‍ വെയിറ്റിങ് ലിസ്റ്റ് നീണ്ടതോടെ റിസര്‍വേഷനും അവസാനിച്ചു.
മലബാറിലേക്കുള്ള ഏക പ്രതിദിന തീവണ്ടിയായ യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ടിക്കറ്റില്ല. മലബാറിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തുന്നില്ല. തീവണ്ടികളില്‍ ടിക്കറ്റില്ലാതായതോടെ സ്വകാര്യ ബസുകളില്‍ നിരക്കുയര്‍ത്തി. ബെംഗളൂരുവില്‍നിന്ന് എറണാകുളം വരെയുള്ള യാത്രയ്ക്ക് 4500 രൂപ വരെ ഈടാക്കുന്നുണ്ട്. 2500-രൂപയില്‍ കുറഞ്ഞ നിരക്ക് ഈടാക്കുന്നത് വളരെ ചുരുക്കം ബസുകളില്‍ മാത്രമാണ്.
സാധാരണ 1500 രൂപ ഈടാക്കുന്ന സ്ഥാനത്താണ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്.ദസറ അവധി കഴിഞ്ഞ ഉടന്‍ ദീപാവലി എത്തുന്നതിനാല്‍ യാത്രത്തിരക്ക് കുറയുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഇത്തവണയും വന്‍ തിരക്ക് ഉറപ്പാണെന്ന് തീവണ്ടികളിലെ ടിക്കറ്റ് റിസര്‍വേഷനില്‍ ദൃശ്യമായ കൂട്ടപ്പൊരിച്ചിലില്‍നിന്ന് വ്യക്തമായി. ദീപാവലി അവധി വാരാന്ത്യത്തോട് ചേര്‍ന്നുവരുന്നതിനാലാണ് തിരക്കേറിയതെന്നാണ് വിലയിരുത്തല്‍.
തിങ്കളാഴ്ചയാണ് ദീപാവലി അവധി. ശനി, ഞായര്‍ കൂടിയാകുന്നതോടെ മൂന്നുദിവസം അവധി കിട്ടുന്നതിനാല്‍ ഐടിക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ നാട്ടില്‍ പോകാന്‍ ഒരുങ്ങുകയാണ്. ചിലര്‍ വെള്ളിയാഴ്ച ഒരു ദിവസം കൂടി അവധിയെടുത്ത് നാല് ദിവസത്തേക്ക് നാട്ടില്‍ പോകുന്നുമുണ്ട്. അതിനാലാണ് വ്യാഴാഴ്ച വൈകീട്ട് പുറപ്പെടുന്ന പ്രത്യേക തീവണ്ടിയില്‍ വേഗത്തില്‍ റിസര്‍വേഷന്‍ തീര്‍ന്നത്.