കർണ്ണാടകയില്‍ ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ വർദ്ധിക്കുന്നവെന്ന ആശങ്കകള്‍ക്കിടെ, മൈസൂരുവിലെ പ്രശസ്തമായ ജയദേവ ആശുപത്രിയില്‍ ഹൃദയ പരിശോധനകള്‍ക്കായി ആയിരക്കണക്കിന് ആളുകള്‍ എത്തുന്നു.ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍, അതിരാവിലെ മുതല്‍ ഔട്ട്‌പേഷ്യന്റ് കണ്‍സള്‍ട്ടേഷനായി ആളുകള്‍ നീണ്ട നിരയില്‍ കാത്തുനില്‍ക്കുന്നത് കാണാം. ചെറുപ്പക്കാർക്കിടയില്‍ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാത മരണങ്ങള്‍, പ്രത്യേകിച്ച് ഹാസൻ ജില്ലയില്‍, വർധിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളില്‍ ചകിതരായാണ് ആളുകള്‍ പരിശോധനക്ക് എത്തുന്നത്.
പരിഭ്രാന്തരാകരുതെന്ന് മൈസൂരുവിലെ ജയദേവ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. കെ.എസ്. സദാനന്ദ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. “മാധ്യമ റിപ്പോർട്ടുകള്‍ കണ്ടതിന് ശേഷം ആളുകള്‍ പരിഭ്രാന്തരായി ആശുപത്രിയിലേക്ക് വരികയാണ്. ജയദേവ ആശുപത്രിയില്‍ ഒരു തവണ പരിശോധിച്ചതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അടുത്തുള്ള ഏതെങ്കിലും സൗകര്യങ്ങളില്‍ ആളുകള്‍ ഹൃദയ പരിശോധന നടത്തണം. ഹൃദയ പരിശോധനകൊണ്ട് മാത്രം ഭാവിയിലെ പ്രശ്നങ്ങള്‍ തടയാൻ കഴിയില്ല. ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്.
ആരോഗ്യം നിലനിർത്താൻ പതിവ് വ്യായാമം അത്യാവശ്യമാണ്. എല്ലാവരും ജയദേവ ആശുപത്രിയിലേക്ക് വന്നാല്‍, നിലവിലുള്ള ഹൃദയ രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സ നല്‍കുന്നത് ബുദ്ധിമുട്ടാകും. കിംവദന്തികള്‍ക്ക് അമിതമായി ശ്രദ്ധ നല്‍കരുതെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.കഴിഞ്ഞ മാസം 40 ദിവസത്തിനിടെ ഹാസനില്‍ റിപ്പോർട്ട് ചെയ്ത 23 ഹൃദയാഘാത മരണങ്ങളെ തുടർന്നാണ് ജയദേവ ആശുപത്രിയുടെ മൈസൂരു, ബെംഗളൂരു ശാഖകളില്‍ രോഗികളുടെ എണ്ണത്തില്‍ വർദ്ധനവുണ്ടായത്. ഇതില്‍ ആറ് പേർക്ക് 19 നും 25 നും ഇടയിലും, എട്ട് പേർക്ക് 25 നും 45 നും ഇടയിലുമായിരുന്നു പ്രായം.
ഹൃദയാഘാത റിപ്പോർട്ട് ബെംഗളൂരുവിലെ ജയദേവ ആശുപത്രിയില്‍ രോഗികളുടെ എണ്ണത്തില്‍ 8 ശതമാനം വർദ്ധനവിന് കാരണമായി. വർദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ ഹാസനില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും ധാരാളം ആളുകള്‍ മുൻകരുതല്‍ പരിശോധനകള്‍ക്കായി എത്തിയതായി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.സംസ്ഥാന സർക്കാർ സംഭവവികാസങ്ങള്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഈ മരണങ്ങളുടെ കാരണം അന്വേഷിക്കാൻ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ഡയറക്ടർ ഡോ. കെ.എസ്. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ സർക്കാർ നിയോഗിച്ചു. ഹാസനിലെ സംഭവവികാസങ്ങളെ ഒരു പ്രത്യേക കേസ് പഠനമായി കാണണമെന്നതുള്‍പ്പെടെ നിരവധി ശുപാർശകളോടെ സമിതി അടുത്തിടെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.