മാണ്ഡ്യ നാഗമംഗല താലൂക്കിലെ കടബഹള്ളിക്ക് സമീപം ബംഗളൂരു-മംഗളൂരു ദേശീയപാതയില്‍ ശനിയാഴ്ച പുലർച്ചെ 25 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസിന് തീപിടിച്ചു.ജീവനക്കാരുടെ സമയോചിത ഇടപെടല്‍ ആളപായം തടഞ്ഞു. പുലർച്ചെ അഞ്ചോടെയാണ് സംഭവം.
ഓടിക്കൊണ്ടിരുന്ന ബസില്‍ പെട്ടെന്ന് തീ പടർന്നതോടെ ഡ്രൈവറും ജീവനക്കാരും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ബസ് നിർത്തിയ ഉടൻ തീ ആളിപ്പടരുകയും പൂർണമായി കത്തിനശിക്കുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു. ബിണ്ടിഗനവിള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഹൈബ്രിഡ് കഞ്ചാവ്; അറസ്റ്റിലായ സംവിധായകര്‍ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും സസ്പെന്‍ഡ് ചെയ്യുമെന്ന് ഫെഫ്ക
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും അറസ്റ്റിലായ സംഭവത്തില്‍ നടപടിക്കൊരുങ്ങി ഫെഫ്ക.ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെ സസ്പെന്‍ഡ് ചെയ്യുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ പ്രതികരിച്ചു. ലഹരിയില്‍ വലുപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് സിബി മലയില്‍ പറഞ്ഞു. കഴിഞ്ഞമാസം ലഹരിയുമായി പിടികൂടിയ മേക്കപ്പ്മാനെതിരെ നടപടി എടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പ്രശസ്ത സംവിധായകരടക്കം മൂന്ന് പേരാണ് കൊച്ചിയില്‍ അറസ്റ്റിലായത്. സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവർക്ക് പുറമെ ഷാലിഫ് മുഹമ്മദ് എന്ന ആളും അറസ്റ്റിലായി. അർധരാത്രി എക്സൈസ് നടത്തിയ പരിശോധനയിലാണ് സംവിധായകരെ അടക്കം പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ കണ്ടെടുത്തു. അളവ് കുറവായതിനാല്‍ അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു
. ആലപ്പുഴ ജിംഖാന, തല്ലുമാല സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന.ഹൈബ്രിഡ് കഞ്ചാവ് യുവ സംവിധായകർക്ക് കിട്ടിയ വഴി വിശദമായി അന്വേഷിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയത് എന്നും എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇൻസ്പെക്ടർ പ്രമോദ് കെ പി പറഞ്ഞു.