ബെംഗളൂരു : സംസ്ഥാനത്ത് ആർ എസ് എസ് പ്രവർത്തനങ്ങളെ നിരോധിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രി പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടത് , ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഖാർഗെ കത്തും നല്കി .എന്നാല്‍ ഇപ്പോള്‍ പ്രിയങ്ക് ഖാർഗെയുടെ സ്വന്തം ജില്ലയായ കലബുറഗിയില്‍ തന്നെ റാലിയും, ഘോഷയാത്രയും നടത്തി മറുപടി നല്‍കിയിരിക്കുകയാണ് ആർ എസ് എസ്.
അഫ്സല്‍പൂർ കോണ്‍ഗ്രസ് എംഎല്‍എ എംവൈ പാട്ടീലിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലാണ് ഞായറാഴ്ച വൈകുന്നേരം ആർഎസ്എസ് ബൈഠക് നടന്നത് . ഇതിനുപുറമെ , സ്കൂള്‍ പരിസരത്ത് ആർഎസ്എസ് ഘോഷയാത്രയും നടന്നു. അഫ്സല്‍പൂർ പാട്ടീലിന്റെ ഉടമസ്ഥതയിലുള്ള മഹാന്തേശ്വർ വിദ്യാവർദ്ധക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ എയ്ഡഡ് സ്കൂളിന്റെ പരിസരത്ത് മറ്റൊരു ആർ എസ് എസ് പരിപാടിയും സംഘടിപ്പിച്ചു.
“ഞങ്ങളുടെ സ്കൂള്‍ പൊതു സ്വത്താണ്. ഇതുവരെ, എല്ലാ പാർട്ടികള്‍ക്കും പരിപാടികള്‍ നടത്താൻ ഞങ്ങള്‍ ഇടം നല്‍കിയിട്ടുണ്ട്. നമ്മുടേത് ദ്രാവിഡ, ഗോത്ര മാനസികാവസ്ഥയാണ്. ആർ.എസ്.എസിന് ആര്യസമാജം എന്ന ആശയം ഉണ്ട്. ആർ.എസ്.എസിന്റെ യഥാർത്ഥ ലക്ഷ്യം വ്യത്യസ്തമാണ്. അവർ പെരുമാറുന്ന രീതി വ്യത്യസ്തമാണ്.”എന്നാണ് ഇതിനെ പറ്റി എംവൈ പാട്ടീല്‍ പറഞ്ഞത്.
സർക്കാർ, എയ്ഡഡ് സ്കൂള്‍ പരിസരങ്ങള്‍, പാർക്കുകള്‍, മൈതാനങ്ങള്‍ എന്നിവിടങ്ങളില്‍ ആർഎസ്എസ് പ്രവർത്തനങ്ങളും ശാഖകളും നടത്തുന്നതിന് അനുമതി നിഷേധിക്കണമെന്നുമാണ് പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടത് .