ഇ.പി.എഫ് തട്ടിപ്പില്‍ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. ജീവനക്കാരില്‍ നിന്നും പിടിച്ച വിഹിതം ഇ.പി.എഫില്‍ അടക്കാത്തതിനാണ് റോബിൻ ഉത്തപ്പക്കെതിരെ നടപടിയുണ്ടായത്.സെഞ്ച്വറി ലൈഫ്സ്റ്റൈല്‍ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജീവനക്കാരില്‍ നിന്നും റോബിൻ ഉത്തപ്പ ഇ.പി.എഫ് വിഹിതം പിടിച്ചുവെങ്കിലും അദ്ദേഹം അത് കൃത്യമായി അടച്ചിരുന്നില്ല. പി.എഫ് റീജണല്‍ കമീഷണർ ഷഹദാസ്ഹാരി ഗോപാല്‍ റെഡ്ഡിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കർണാകയിലെ പുലകേഷ്നിഗർ പൊലീസിനോട് തുടർ നടപടികള്‍ സ്വീകരിക്കാനാണ് പി.എഫ് കമീഷണറുടെ ഉത്തരവ്. അതേസമയം, പുലകേഷ്നിഗറിലെ വീട്ടില്‍ റോബിൻ ഉത്തപ്പയില്ലെന്നാണ് സൂചന.
റോബിൻ ഉത്തപ്പയും കുടുംബവും ഇപ്പോള്‍ ദുബൈയിലുണ്ടെന്നാണ് വിവരം. ഡിസംബർ 27ന് മുമ്ബ് റോബിൻ ഉത്തപ്പയെ അറസ്റ്റ് ചെയ്യണമെന്നാണ് വാറന്റില്‍ പറയുന്നത്. റോബിൻ ഉത്തപ്പ 59 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ ജേഴ്സിയണിഞ്ഞിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച പ്രവർത്തനമാണ് റോബിൻ ഉത്തപ്പ നടത്തിയത്. 54 ഏകദിന മത്സരങ്ങളില്‍ നിന്ന് 1,183 റണ്‍സാണ് ഉത്തപ്പ നേടിയത്. ഏഴ് അർധ സെഞ്ച്വറികളും ഇന്നിങ്സില്‍ ഉള്‍പ്പെടുന്നുണ്ട്.