Home Featured തമന്ന ബ്രാൻഡില്‍ ചന്ദന സോപ്പിന് വിപണിയില്‍ കുതിപ്പ്

തമന്ന ബ്രാൻഡില്‍ ചന്ദന സോപ്പിന് വിപണിയില്‍ കുതിപ്പ്

by admin

കർണാടക സർക്കാറിന്റെ അഭിമാന ഉല്‍പന്നമായ മൈസൂർ സാൻഡല്‍ സോപ്പ് കഴിഞ്ഞ മാസം വിപണി കീഴടക്കി ചരിത്രം കുറിച്ചു.പുതിയ ബ്രാൻഡ് അംബാസഡറായി തെലുങ്ക്-തമിഴ് നടി തമന്ന ഭാട്ടിയയെ നിയമിച്ചതിനെത്തുടർന്നുള്ള ആദ്യ കണക്കെടുപ്പാണിത്. ചന്ദന സോപ്പിന്റെ പൊതുമേഖല നിർമാതാക്കളായ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡ് (കെ.എസ്‌.ഡി.എല്‍) മേയ് മാസത്തില്‍ 186 കോടി രൂപയുടെ ഏറ്റവും ഉയർന്ന പ്രതിമാസ വിറ്റുവരവ് രേഖപ്പെടുത്തി – 108 വർഷ ചരിത്രത്തിലെ നാഴികക്കല്ലായ നേട്ടം.

മേയ് മാസത്തില്‍ കമ്ബനി 151.5 കോടി രൂപയുടെ വില്‍പനയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും എന്നാല്‍ പ്രതീക്ഷകളെ മറികടന്ന് 35 കോടി രൂപയുടെ അധിക വില്‍പന നടത്തി ലക്ഷ്യത്തിന്റെ 125 ശതമാനം കൈവരിക്കുകയും 15 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തതായി വൻകിട, ഇടത്തരം വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍ വാർത്താക്കുറിപ്പില്‍ പറഞ്ഞു. മൊത്തം വിറ്റുവരവില്‍ 1.81 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. കെ.എസ്‌.ഡി.എല്‍ ഇപ്പോള്‍ വാർഷിക കയറ്റുമതി വരുമാനം 150 കോടി രൂപയായി ഉയർത്താൻ ലക്ഷ്യമിടുന്നു.

ഫലപ്രദമായ ബ്രാൻഡിങ്, തന്ത്രപരമായ വിപണി വികാസം, മെച്ചപ്പെട്ട ഉല്‍പന്ന ഗുണനിലവാരം എന്നിവയാണ് കമ്ബനിയുടെ മികച്ച പ്രകടനത്തിന് കാരണമെന്ന് പാട്ടീല്‍ അവകാശപ്പെട്ടു.കെ.എസ്.ഡി.എല്‍ പോർട്ട്ഫോളിയോയിലെ സോപ്പുകള്‍, ഷവർ ജെല്ലുകള്‍, ധൂപവർഗങ്ങള്‍ എന്നിവയുള്‍പ്പെടെ 45 ഉല്‍പന്നങ്ങള്‍ക്കും പ്രധാന വിപണികളില്‍ ശക്തമായ ഡിമാൻഡ് ലഭിച്ചു. പ്രാദേശിക സംഭാവന നല്‍കുന്നവരില്‍ ആന്ധ്രപ്രദേശും തെലങ്കാനയും 85 കോടി രൂപയുടെ വില്‍പനയുമായി മുന്നിലെത്തി, കർണാടകയും മറ്റ് സംസ്ഥാനങ്ങളും 100 കോടി രൂപയുടെ സംഭാവന നല്‍കി.

കമ്ബനിയുടെ ഇതിനുമുമ്ബത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വിറ്റുവരവ് 2024 സെപ്റ്റംബറിലെ 178 കോടി രൂപയായിരുന്നു.കഴിഞ്ഞ മാസം 22 ന് മൈസൂർ സാൻഡല്‍ സോപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി തമന്ന ഭാട്ടിയയെ നിയമിച്ചതുമായി ബന്ധപ്പെട്ട് കെ.എസ്.ഡി.എല്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു. ഈ നീക്കം വ്യാപകമായ വിമർശനത്തിന് ഇടയാക്കി. എന്നാല്‍, ബ്രാൻഡിന്റെ ദേശീയ ആകർഷണം വികസിപ്പിക്കുന്നതിനുള്ള ചുവടുവെപ്പായി മന്ത്രി തീരുമാനത്തെ ന്യായീകരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group