Home Featured ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം;തീരുമാനത്തില്‍ എതിര്‍പ്പുമായി ഡ്രൈവിങ് സ്കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം;തീരുമാനത്തില്‍ എതിര്‍പ്പുമായി ഡ്രൈവിങ് സ്കൂളുകള്‍

by admin

കൊച്ചി: ഡ്രൈവിങ് ടെസ്റ്റിന് മേയ് ഒന്ന് മുതല്‍ കർശന മാനദണ്ഡങ്ങള്‍ ഏർപ്പെടുത്താനുള്ള തീരുമാനത്തില്‍ കടുത്ത എതിർപ്പുമായി ഡ്രൈവിങ് സ്കൂളുകള്‍. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ വളച്ചൊടിച്ചാണ് പരിഷ്കാരം നടപ്പാക്കുന്നതെന്നും ഇത് ഡ്രൈവിങ് സ്കൂളുകളെ ഇല്ലാതാക്കുമെന്നുമാണ് സ്കൂള്‍ ഉടമകളുടെ വാദം. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് നടത്തിപ്പ് കോർപറേറ്റുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാൻ ലക്ഷ്യമിട്ട് ചില ഉദ്യോഗസ്ഥർ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച്‌ നടത്തുന്ന നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും അവർ ആരോപിക്കുന്നു.

സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരിച്ചതോടെ ലൈസൻസ് നേടാൻ ഇനി കടമ്പകൾ ഏറെ. ഗ്രൗണ്ട് ടെസ്റ്റില്‍ പാര്‍ക്കിങ്, കയറ്റിറക്കങ്ങള്‍, വളവുതിരിവുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ പരിഷ്കാരം. മെയ് ഒന്ന് മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുക.

എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ

  • ഡ്രൈവിങ് ടെസ്റ്റിൽ സുപ്രധാനമായ തീരുമാനമാണ് ​ഗ്രൗണ്ട് ടെസ്റ്റ് പരിഷ്കരണം
  • കാർ ടെസ്റ്റിന് എച്ച് ഒഴിവാക്കി എന്നതാണ് പ്രധാന തീരുമാനം
  • എച്ചിന് പകരം സി​ഗ്സാ​ഗ് ഡ്രൈവിങ്ങും നേരെയും ചെരിച്ചും പാർക്ക് ചെയ്യുന്നതും ഉൾപ്പെടുത്തി
  • കയറ്റിറക്കം, റിവേഴ്സ് ടെസ്റ്റിങ്, റിവേഴ്സ് സ്റ്റോപ്പ്, ഫോർവേഡ് സ്റ്റോപ്പ് എന്നിവയും ചെയ്യണം
  • കാർ ലൈസൻസിന് ഓട്ടോമാറ്റിക് വാഹനവും ഇലക്ട്രിക് കാറും പറ്റില്ല  
  • മോട്ടർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വണ്ടിയായിരിക്കണം. 
  • 99 സിസിക്ക് മുകളിലായിരിക്കണം വാഹനം 
  • ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല
  • ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം
  • ടെസ്റ്റ് റെക്കോർഡ് ചെയ്ത് ഡാറ്റ മോട്ടർ വാഹന വകുപ്പിലെ കംപ്യൂട്ടറിലേക്ക് മാറ്റുകയും ഡാറ്റ 3 മാസം സൂക്ഷിക്കുകയും വേണം
  • പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി
  • പഴക്കംചെന്ന വാഹനങ്ങൾ മെയ് ഒന്നിനു മുൻപ് നീക്കം ചെയ്യണം
  • കാർ ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല.
  • ഡ്രൈവിങ് സ്കൂളിലെ പരിശീലകരായി യോ​ഗ്യതയുള്ളവരെ നിയമിക്കണം. 
  • റെ​ഗുലർ കോഴ്സായി മെക്കാനിക്കൽ എഞ്ചിനിയറിങ് പാസായവരായിരിക്കണമെന്നാണ് നിർദേശം.
  • വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡിൽ തന്നെ റോഡ് ടെസ്റ്റ് നടത്തണമെന്നതാണ് മറ്റൊരു നിർദേശം
  • ഗ്രൗണ്ടിൽ റോഡ് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കുകയും ഉദ്യോ​ഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും

15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിങ് സ്കൂളുകളില്‍ മേയ് ഒന്ന് മുതല്‍ ഉപയോഗിക്കരുതെന്നാണ് ഗതാഗത കമീഷണറുടെ ഉത്തരവിലെ നിർദേശം. ഇത് ചൂണ്ടിക്കാട്ടി 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുള്ള സ്കൂളുകളുടെ ലൈസൻസ് പുതുക്കി നല്‍കുന്നത് പലയിടത്തും നിർത്തിയതായും പറയുന്നു. ഇത്തരമൊരു കാലപരിധി കേന്ദ്ര നിയമത്തിലില്ല. ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയറും ട്രാൻസ്മിഷനും ഉള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് മറ്റൊരു നിർദേശം. എന്നാല്‍, ട്രാൻസ്മിഷനല്ല വാഹനങ്ങളുടെ കാറ്റഗറിയാണ് കേന്ദ്രനിയമത്തില്‍ പറയുന്ന മാനദണ്ഡമെന്ന് സ്കൂളുകള്‍ ചൂണ്ടിക്കാട്ടുന്നു.

ആംഗുലർ പാർക്കിങ്, പാരലല്‍ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്‍റ് ടെസ്റ്റ് എന്നിവയെല്ലാം കൂടി 20 മീറ്റർ സമചതുരം മാത്രം വിസ്തൃതിയുള്ള സ്ഥലത്ത് നടത്തുകയെന്നതും പ്രായോഗികമല്ല. നിലവില്‍ ചെറിയ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്താണ് ടെസ്റ്റിങ് ഗ്രൗണ്ടുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പുതിയ മാറ്റം അനുസരിച്ച്‌ ഒരു എം.വി.ഐയും ഒരു എ.എം.വി.ഐയും ചേർന്ന് ഒരു ദിവസം നടത്തേണ്ട ടെസ്റ്റുകളുടെ എണ്ണം 30 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ദിവസം 150ഓളം ടെസ്റ്റുകള്‍ വരെ നടത്തിയിട്ടും പഠിതാക്കള്‍ ഒരു മാസത്തിലധികം കാത്തിരിക്കേണ്ട അവസ്ഥയുണ്ട്.

സംസ്ഥാനത്ത് 6500ലധികം ഡ്രൈവിങ് സ്കൂളുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ നിലനില്‍പ്പിനെ ബാധിക്കുന്നതാണ് അശാസ്ത്രീയ പരിഷ്കാരങ്ങളെന്ന് ഡ്രൈവിങ് സ്കൂള്‍ ഓണേഴ്സ് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എൻ.എ. ഹരിസൂണ്‍ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഗതാഗത മന്ത്രിയുമായുള്ള ചർച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group