ബംഗളൂരു: വിദ്യാര്‍ഥികളുടെ ഫീസില്‍ നിന്ന് 20 ലക്ഷം രൂപ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് പി.യു കോളജ് വൈസ് പ്രിൻസിപ്പലിനെതിരെ കേസ്. ശ്രീ ചൈതന്യ ടെക്നോ പി.യു കോളജ് വൈസ് പ്രിൻസിപ്പല്‍ ജി.വി. സാംബശിവ റാവുവിനെതിരെയാണ് വയലികാവല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോളജ് മാനേജറുടെ പരാതിപ്രകാരമാണ് കേസെടുത്തത്. കോളജിലെ കണക്ക് അധ്യാപകൻകൂടിയായ ഇയാള്‍ ഒളിവിലാണ്.
1750 വിദ്യാര്‍ഥികളുള്ള പി.യു കോളജില്‍ വിദ്യാര്‍ഥികളുടെ ഫീസ് ശേഖരിക്കാൻ വൈസ് പ്രിൻസിപ്പലിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഫീസ് വാങ്ങിയശേഷം ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് വ്യാജ രസീതാണ് നല്‍കിയിരുന്നത്. ഫീസ് അടക്കാത്തതിന്റെ പേരില്‍ 23 വിദ്യാര്‍ഥികള്‍ക്ക് കോളജ് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഫീസടച്ച രസീതുമായി കോളജിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്തറിയുന്നത്.