കര്‍ണാടക അടുത്തിടെ നടപ്പിലാക്കിയ ‘അന്തസോടെ മരിക്കാനുള്ള അവകാശ’ത്തിന്റെ ആദ്യ ഗുണഭോക്‌താവാകാനൊരുങ്ങി റിട്ട.സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ എച്ച്.ബി. കരിബസമ്മ (85) എന്ന റിട്ട. അധ്യാപികയാണു മരിക്കാനുള്ള അവകാശം നേടിയത്.നട്ടെല്ലിനു ഗുരുതര പരുക്കേറ്റ് രോഗശയ്യയിലാണ് അവര്‍. മാരകമായ അസുഖമുള്ള രോഗികള്‍ക്ക് അന്തസോടെ മരിക്കാനുള്ള അവകാശം അനുവദിച്ചുകൊണ്ട് ജനുവരി 30-നു സംസ്‌ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതോടെയാണു കരിബസമ്മ തന്റെ ആഗ്രഹം സാക്ഷാത്‌കരിക്കുന്നതിനുള്ള അവസരം ഒരുങ്ങിയത്.
വഴുതി വീണതിനെ തുടര്‍ന്നു നട്ടെല്ലിനേറ്റ ഗുരുതര പരുക്കാണു കരിബസമ്മയുടെ ജീവിതം ദുരിതത്തിലാക്കിയത്. മൂന്നു പതിറ്റാണ്ടിലേറെയായി അവര്‍ രോഗാവസ്‌ഥയോടു പോരാടുകയാണ്.ആരോഗ്യം വഷളായിട്ടും, കഴിഞ്ഞ 24 വര്‍ഷമായി രാജ്യത്തു അന്തസോടെ മരിക്കാനുള്ള അവകാശത്തിനായി അവര്‍ നിയമപ്പോരാട്ടം നടത്തി.മുഖ്യമന്ത്രി, പ്രധാനമന്ത്രി, രാഷ്‌ട്രപതി, സുപ്രീം കോടതി എന്നിവര്‍ക്ക് മരിക്കാന്‍ അനുവധിക്കണമെന്നാവശ്യപ്പെട്ട് കത്തുകള്‍ എഴുതി.2018-ല്‍ സുപ്രീം കോടതി നിഷ്‌ക്രിയ ദയാവധം നിയമവിധേയമാക്കിയിരുന്നു. കര്‍ണാടകയാണിപ്പോള്‍ ‘അന്തസോടെ മരിക്കാനുള്ള അവകാശം’ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നിരുന്നാലും ഇതിനെ ദയാവധവുമായി താരതമ്യപ്പെടുത്തരുതെന്നും. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവിക്കുന്നവരും ജീവന്‍ നിലനിര്‍ത്തുന്ന ചികിത്സയോട് പ്രതികരിക്കാത്തവര്‍ക്കും മാത്രമേ പുതിയ നിയമം ബാധകമാകൂ എന്നു സംസ്‌ഥാന ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. കഴിഞ്ഞ 20 വര്‍ഷമായി നഴ്‌സിങ് ഹോമില്‍ താമസിക്കുന്ന കരിബസമ്മ, എല്ലാ ഭൗതിക സ്വത്തുക്കളും ഉപേക്ഷിച്ച്, തന്റെ ബാക്കിസമ്ബാദ്യത്തിന്റെ 6 ലക്ഷം രൂപ അതിര്‍ത്തി സുരക്ഷാ സേന (ബി.എസ്.എഫ്) ഉദ്യോഗസ്‌ഥരുടെ ക്ഷേമത്തിനായി സംഭാവന ചെയ്‌തു.