ബംഗളൂരു: ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയിൽ വിശ്രമ കേന്ദ്രങ്ങൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കോലാർ സ്വർണ ഖനിക്ക് (കെ.ജി.എഫ്) സമീപം ബംഗാർപേട്ടിനടുത്തുള്ള ഇയ്ത്തണ്ടഹള്ളിയിൽ 30 ഏക്കറിലാണ് നിർമാണം.നാഷനൽ ഹൈവേ അതോറിറ്റിയുടെ സഹസ്ഥാപനമായ നാഷനൽ ഹൈവേ ലോജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡ്(എൻ.എച്ച്.ഐ.എം.എൽ) ആണ് ടെൻഡർ വിളിച്ചത്. വൈ സ്പേസിന് പദ്ധതിയുടെ ടെൻഡർ നൽകി.
ഭക്ഷണ ശാലകൾ, പെട്രോൾ പമ്പുകൾ, മാളുകൾ, കുട്ടികളുടെ കളിയിടം, കരകൗശല ശാലകൾ, ഹെലിപാഡ്, അത്യാഹിത വിഭാഗങ്ങൾ, ട്രക്ക് ഡ്രൈവർമാർക്ക് ഡോർമെട്രി, പാചകം ചെയ്യാനുള്ള സൗകര്യം, 144.9 അടി ഉയരമുള്ള ഹനുമാൻ പ്രതിമ എന്നിവ നിർമിക്കും.150 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചിറ്റൂർ, കാഞ്ചിപുരം എന്നിവിടങ്ങളിലാണ് മറ്റു വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുക. ഒരു വർഷത്തിനകം പദ്ധതി പൂർത്തീകരിക്കണമെന്ന് പ്രതീക്ഷിക്കുന്നതായി വൈ സ്പേസ് ചെയർമാൻ വൈ.വി. രത്ന കുമാർ പറഞ്ഞു.