ബംഗളൂരു: ജലക്ഷാമം രൂക്ഷമായതോടെ പുതുവഴികള്‍ തേടി നഗരത്തിലെ റസ്റ്റാറന്റുകള്‍. ധാരാളം വെള്ളം ആവശ്യമുള്ളതുകൊണ്ട് ജലക്ഷാമം ഗുരുതരമായി ബാധിച്ചിരുന്നു.
ഇത് മറികടക്കാൻ പലരും അമിതനിരക്ക് കൊടുത്ത് ടാങ്കറുകളിലെ ജലം വാങ്ങാൻ തുടങ്ങിയതോടെ റസ്റ്റാറന്റുകളില്‍ ഭക്ഷണത്തിന് വിലയും വർധിച്ചിരുന്നു. നഗരത്തിലെ റസ്റ്റാറന്റുകള്‍ വെള്ളത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്നത് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡിനെയും കുഴല്‍ കിണറുകളെയുമായിരുന്നു. സമീപമാസങ്ങളില്‍ ബി.ഡബ്ല്യു.എസ്.എസ്.ബിയുടെ വിതരണം കുറയുകയും നിരവധി കുഴല്‍ കിണറുകള്‍ വറ്റിവരളുകയും ചെയ്തതോടെയാണ് റസ്റ്റാറന്റുകള്‍ ടാങ്കറുകളിലേക്ക് തിരിഞ്ഞത്.
ആർ.ഒ പ്ലാന്റുകള്‍ വഴി ശുദ്ധീകരിച്ച് പുനരുപയോഗിക്കാവുന്ന ജലമാണ് ഇപ്പോള്‍ പലരും ശുചീകരണ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. വെള്ളത്തിന്റെ ഉപയോഗം കുറക്കുന്നതിനായി ഡിസ്പോസബ്ള്‍ പ്ലേറ്റുകളിലേക്കും തിരിഞ്ഞിട്ടുണ്ട്. ഇതുവഴി ഒരു ദിവസം 6000 ലിറ്റർവരെ ഉപയോഗം കുറക്കാൻ കഴിഞ്ഞുവെന്ന് മാത്രമല്ല പ്ലേറ്റുകള്‍ കഴുകുന്നതിനായി ഒരാളെ ജോലിക്ക് നിർത്തുന്നതിനുള്ള ചെലവ് കൂടെ കുറക്കാൻ കഴിഞ്ഞെന്നാണ് പറയുന്നത്. ജലക്ഷാമത്തെ നേരിടാൻ സഹായകമാകുന്നുണ്ടെങ്കിലും ഇതോടെ മാലിന്യ നിർമാർജനം കൂടുതല്‍ തലവേദനയായി മാറിയിട്ടുണ്ട്.