ബെംഗളൂരു: താൻ താമസിക്കുന്ന ഫ്ലാറ്റില്‍ പെണ്‍സുഹൃത്തുക്കള്‍ രാത്രി താമസിച്ചതിൻ്റെ പേരില്‍ ഹൗസിംഗ് സൊസൈറ്റി 5,000 രൂപ പിഴ ചുമത്തിയെന്ന പരാതിയുമായി ബെംഗളൂരുവിലെ ഒരു യുവാവ്.സൊസൈറ്റിയുടെ വിചിത്ര നിയമത്തിനെതിരെ റെഡ്ഡിറ്റിലൂടെയാണ് യുവാവ് പ്രതികരിച്ചത്.ഹൗസിംഗ് സൊസൈറ്റി തനിക്ക് അയച്ച 5,000 രൂപയുടെ പിഴ ഇൻവോയ്സിൻ്റെ സ്ക്രീൻഷോട്ടും യുവാവ് പങ്കുവെച്ചു. ബാച്ചിലർമാർ തങ്ങളുടെ ഫ്ലാറ്റില്‍ അതിഥികളെ രാത്രിയില്‍ താമസിപ്പിക്കാൻ പാടില്ലെന്ന നിയമമാണ് സൊസൈറ്റി കർശനമായി നടപ്പാക്കുന്നത്.
എന്നാല്‍, കുടുംബമായി താമസിക്കുന്നവർക്ക് എത്ര അതിഥികളെ വേണമെങ്കിലും താമസിപ്പിക്കാൻ അനുമതിയുണ്ട്. ഈ ഇരട്ടത്താപ്പിനെതിരെയാണ് യുവാവിൻ്റെ പ്രധാന വിമർശനം.കഴിഞ്ഞ ഒക്ടോബർ 31 ന് രാത്രി രണ്ട് പെണ്‍കുട്ടികള്‍ ഫ്ലാറ്റില്‍ താമസിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ ഒന്നിന് പിഴ ചുമത്തിയതെന്നും, തനിക്ക് ഒരു മുന്നറിയിപ്പും നല്‍കിയില്ലെന്നും യുവാവ് പറയുന്നു. ഈ നടപടി താഴ്ന്ന നിലവാരത്തിലുള്ളതാണെന്നും, നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.നിയമപരമായി ഇത്തരം നിയമങ്ങള്‍ക്ക് സാധുതയില്ലെന്നാണ് ഭൂരിപക്ഷം നെറ്റിസൻസ് പ്രതികരിച്ചത്. നിയമനടപടിക്ക് പോയാല്‍ അത് സമയവും പണവും നഷ്ടപ്പെടുത്തുമെന്നും, നല്ലൊരു താമസസ്ഥലത്തേക്ക് മാറുന്നതാണ് ഉചിതമെന്നും പലരും യുവാവിനെ ഉപദേശിച്ചു. ഈ സംഭവം ബെംഗളൂരുവിലെ ബാച്ചിലർമാർ നേരിടുന്ന താമസപ്രശ്നങ്ങളിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ്.