Home പ്രധാന വാർത്തകൾ ബൊമ്മസാന്ദ്ര-ഹൊസൂര്‍ മെട്രോ ലിങ്കിന് സാങ്കേതിക തടസ്സം ഉന്നയിച്ച്‌ റിപ്പോര്‍ട്ട്; ഇന്ത്യയിലെ ആദ്യ സംസ്ഥാനാന്തരപാത പ്രതിസന്ധിയില്‍

ബൊമ്മസാന്ദ്ര-ഹൊസൂര്‍ മെട്രോ ലിങ്കിന് സാങ്കേതിക തടസ്സം ഉന്നയിച്ച്‌ റിപ്പോര്‍ട്ട്; ഇന്ത്യയിലെ ആദ്യ സംസ്ഥാനാന്തരപാത പ്രതിസന്ധിയില്‍

by admin

ബംഗളൂരു: തമിഴ്‌നാട്ടിലെ ഹൊസൂരുമായി ബെംഗളൂരുവിലെ നമ്മ മെട്രോയുമായി ബന്ധിപ്പിക്കുന്ന പദ്ധതി സാങ്കേതിക കാരണങ്ങളാല്‍ നടപ്പാക്കാൻ കഴിയില്ലെന്ന് ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) സർക്കാരിന് റിപ്പോർട്ട് നല്‍കി.

രണ്ട് മെട്രോ സംവിധാനങ്ങള്‍ വ്യത്യസ്ത ഊർജ്ജ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ അവയെ സംയോജിപ്പിക്കുന്നത് അസാധ്യമാണെന്ന് ബിഎംആർസിഎല്‍ വ്യക്തമാക്കി. രാജ്യത്തെ ആദ്യ സംസ്ഥാനാന്തര മെട്രോ റെയിലിന്റെ സാധ്യതയാണ് ഇതോടെ അസ്തമിക്കുന്നത്.ബംഗളൂരു നമ്മ മെട്രോ 750 V DC തേഡ് റെയില്‍ ഊർജ്ജ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാല്‍ ചെന്നൈ മെട്രോ 25 kV AC ഓവർഹെഡ് പവർ സപ്ലൈ ഉപയോഗിക്കുന്നു. ഈ അടിസ്ഥാന സാങ്കേതിക വ്യത്യാസം കാരണം നിലവിലെ അടിസ്ഥാന സൗകര്യങ്ങളില്‍ രണ്ട് മെട്രോ ശൃംഖലകളെ ബന്ധിപ്പിക്കുന്നത് സാധ്യമല്ലെന്നാണ് ബിഎംആർസിഎല്‍ പറയുന്നത്. ഇതില്‍ ചെന്നൈ മെട്രോയുടെയോ തമിഴ്നാട് സർക്കാരിന്റെയോ പ്രതികരണം വന്നിട്ടില്ല.ബെംഗളൂരു നഗരത്തിന് സമീപത്തു തന്നെ മറ്റൊരു നഗരമായി വളരാൻ ശ്രമിക്കുന്ന കേന്ദ്രമാണ് ഹൊസൂർ. ബെംഗളൂരുവിന് തൊട്ടടുത്തുള്ള പ്രദേശമായതിനാല്‍ കാലാവസ്ഥ ഏതാണ്ട് ഒരുപോലെയാണ്. ഇവിടം വളർത്തിയെടുത്താല്‍ നിരവധി ബിസിനസം സംരംഭങ്ങളെ അങ്ങോട്ട് ആകർഷിക്കാൻ കഴിയുമെന്ന് തമിഴ്നാട് കരുതുന്നുണ്ട്. ഇതിന് ബൊമ്മസാന്ദ്രയില്‍ നിന്ന് ഹൊസൂരിലേക്ക് നമ്മ മെട്രോ നീട്ടിയാല്‍ ഉപകാരപ്രദമാകുമെന്നാണ് തമിഴ്നാട് കാണുന്നത്. തമിഴ്നാടിന്റെ ഈ നീക്കത്തിനെതിരെ കർണാടകയില്‍ വലിയ എതിർപ്പ് ഉയർന്നിരുന്നു. ബെംഗളൂരുവിലെ ഐടി അടക്കമുള്ള വ്യവസായങ്ങളെ ഹൊസൂരിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് ആരോപണമുയർന്നു. ബെംഗളൂരുവിനെ അപേക്ഷിച്ച്‌ വാടകച്ചെലവും മറ്റും വളരെയേറെ കുറവാണ് ഹൊസൂരില്‍.ആർവി റോഡ് മുതല്‍ ബൊമ്മസന്ദ്ര വരെയുള്ള യെല്ലോ ലൈൻ 23 കിലോമീറ്റർ കൂടി ഹൊസൂരിലേക്ക് നീട്ടുന്നതിനുള്ള പദ്ധതിയാണ് ചെന്നൈ മെട്രോ മുന്നോട്ട് വെച്ചിരുന്നത്. കൃഷ്ണഗിരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന തമിഴ്‌നാട് എംപി എ. ചെല്ലകുമാർ ഹൊസൂർ മെട്രോ ലിങ്കിനു വേണ്ടി സാധ്യതാ പഠനം നടത്താൻ കേന്ദ്ര സർക്കാരിന് ഒരു അഭ്യർത്ഥന സമർപ്പിച്ചിരുന്നു.തുടർന്ന്, രണ്ട് മെട്രോ കോർപ്പറേഷനുകളും സ്വതന്ത്ര സാങ്കേതിക പഠനങ്ങള്‍ നടത്തി. ഊർജ്ജ സംവിധാനത്തിലെ പൊരുത്തക്കേടുകള്‍ക്ക് പുറമെ, ലോജിസ്റ്റിക്, ഡിസൈൻ വെല്ലുവിളികളും പദ്ധതിയെ പ്രായോഗികമല്ലാത്തതാക്കുന്നു എന്നാണ് ബിഎംആര്‍സിഎലിന്റെ കണ്ടെത്തല്‍. കർണാടക-തമിഴ്‌നാട് അതിർത്തിയുടെ ഇരുവശത്തും 300 മീറ്റർ അകലെ രണ്ട് മെട്രോ സ്റ്റേഷനുകള്‍ നിർമ്മിക്കാനും അവയെ ഒരു കാല്‍നട മേല്‍പ്പാലം വഴി ബന്ധിപ്പിക്കാനും ഉദ്ദേശിച്ചിരുന്നു. എന്നാല്‍ അത്തരം ഒരു ക്രമീകരണം പ്രവർത്തനക്ഷമമല്ലെന്നും കർണാടക ഉദ്യോഗസ്ഥർ പറയുന്നു.ബൊമ്മസന്ദ്രയ്ക്ക് അപ്പുറം ഹൊസൂരിലേക്ക് മെട്രോ നീട്ടാനുള്ള നിർദ്ദേശത്തിന് വിവിധ കന്നഡ ഗ്രൂപ്പുകളില്‍ നിന്ന് കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഈ പദ്ധതി കർണാടകയിലെ യാത്രക്കാർക്കോ വ്യവസായങ്ങള്‍ക്കോ നേരിട്ടുള്ള പ്രയോജനം നല്‍കില്ലെന്ന് വിമർശകർ വാദിച്ചു. വ്യാവസായിക വളർച്ചയെയും നിക്ഷേപത്തെയും ബംഗളൂരുവില്‍ നിന്ന് ഹൊസൂരിലേക്ക് മാറ്റുമെന്നും തമിഴ്‌നാടിന് കർണാടകയേക്കാള്‍ കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും കന്നഡ വാദികള്‍ ഭയക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group