ബംഗളൂരു: ഏപ്രില്‍ 26ന് നടന്ന തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തും ഇ.വി.എമ്മും നശിപ്പിക്കപ്പെട്ട ചാമരാജ്നഗറിലെ ഹാനൂരില്‍ ഇന്ദിഗണത ഗ്രാമത്തില്‍ തിങ്കളാഴ്ച നടത്തിയ റീ പോളിങ്ങും ബഹിഷ്കരിച്ച് നാട്ടുകാർ. അവസാനം ലഭിച്ച റിപ്പോർട്ട് പ്രകാരം 12.69 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.
ഇന്ദിഗണത ഗ്രാമത്തിലെ 146ാം പോളിങ് ബൂത്തില്‍ 528 വോട്ടർമാരാണുള്ളത്. ഇതില്‍ 67 പേർ മാത്രമാണ് ഇന്നലെ വോട്ട് ചെയ്യാനെത്തിയത്. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 33 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങളിലെ വികസനമില്ലായ്മയില്‍ പ്രതിഷേധിച്ചാണ് ഏപ്രില്‍ 26ലെ തെരഞ്ഞെടുപ്പ് നാട്ടുകാർ ബഹിഷ്കരിക്കുകയും പോളിങ് ബൂത്തടക്കം അടിച്ചുതകർക്കുകയും ചെയ്തത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബോധവത്കരണം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. പ്രതിഷേധത്തിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും വോട്ടർക്കും പരിക്കേറ്റിരുന്നു. അതിനെതുടർന്നാണ് ഇവിടെ തിങ്കളാഴ്ച റീ പോളിങ് നടത്താമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചത്.