ബംഗളുരു : ബന്ധുക്കളും സുഹൃത്തുക്കളും അറിയാതെയാണ് തൻ്റെ പേരിലുള്ള രണ്ടിടത്തെ സ്ഥലങ്ങളും ഒരു ഫ്ലാറ്റും പത്ത് വയസുകാരൻ്റെ അമ്മയായ യുവതി വില്‍പ്പന നടത്തിയത്.ഇതിന് പുറമെ ബാങ്കില്‍ നിന്ന് വായ്പയും നേടി. ആകെ 2 കോടി രൂപ സമാഹരിച്ചു. എല്ലാം അടച്ചുപൂട്ടിയ വീടിന് അകത്തിരുന്ന് തന്നെ ചെയ്തു. ജൂണ്‍ മാസത്തില്‍ തുടങ്ങി നവംബർ 27 വരെ 22 തവണകളായി ആകെ 2,05,16,652 രൂപയാണ് സൈബർ തട്ടിപ്പ് സംഘങ്ങള്‍ക്ക് യുവതി നല്‍കിയത്. എല്ലാത്തിനും ഒടുവിലാണ് താൻ ചതിക്കപ്പെട്ടതാണെന്ന് അവർ തിരിച്ചറിഞ്ഞത്. യുവതിയുടെ പരാതിയില്‍ ബെംഗളൂരു വൈറ്റ്ഫീല്‍ഡ് പൊലീസ് കേസെടുത്തിട്ടുണ്ട്.രാജ്യത്ത് ഏറെനാളായി നടമാടുന്ന സൈബർ കുറ്റകൃത്യങ്ങളില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന വൻ തട്ടിപ്പിൻ്റെ വാർത്തയാണിത്. ബെംഗളൂരുവില്‍ താമസിക്കുന്ന യുവതിക്കാണ് ഈ ദുരവസ്ഥ. ബ്ലൂഡാർട് കൊറിയർ സർവീസില്‍ നിന്നെന്ന പേരില്‍ വന്ന ഫോണ്‍ കോളില്‍ നിന്നായിരുന്നു തുടക്കം.
നിരോധിത ലഹരി മരുന്നുകള്‍ എത്തിയത് യുവതിയുടെ പേരിലാണെന്നും ആധാർ നമ്ബർ അടക്കം തെളിവായുണ്ടെന്നും ആരോപിച്ചായിരുന്നു ഫോണ്‍ കോള്‍. പിന്നാലെ മുംബൈ പൊലീസ് എന്ന പേരില്‍ തട്ടിപ്പ് സംഘം കൂടുതല്‍ ഭീഷണികളുമായി രംഗത്ത് വന്നു. മയക്കുമരുന്ന് കേസില്‍ പത്ത് വയസുകാരനായ മകനെയും അറസ്റ്റ് ചെയ്യുമെന്ന ഇവരുടെ ഭീഷണി കേട്ട്, ഭയന്ന യുവതി ഇതിനെ മറികടക്കാൻ സാധ്യമായതെല്ലാം ചെയ്തു.അങ്ങനെയാണ് ബെംഗളൂരു മഹാനഗരത്തിലെ പൊന്നുംവിലയുള്ള രണ്ടിടത്തെ പ്ലോട്ടുകളും ലക്ഷങ്ങള്‍ വിലവരുന്ന ഫ്ലാറ്റും യുവതി വിറ്റത്. കൂടാതെ ബാങ്കില്‍ നിന്ന് വായ്പയുമെടുത്തു. ഈ വായ്പ തവണകളായി തിരിച്ചടക്കുകയാണ് യുവതിയിപ്പോള്‍. ഇവരുടെ പരാതിയില്‍ വൈറ്റ്ഫീല്‍ഡ് സിഇഎൻ പൊലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സമാനമായ ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ പകച്ചുപോകരുതെന്നും ഉടൻ തങ്ങളെ വിവരം അറിയിക്കണമെന്നുമാണ് ബെംഗളൂരു പൊലീസ് അറിയിക്കുന്നത്.