ബെംഗളൂരു: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീലുകൾ കണ്ടു കൊണ്ട് ബസ് ഓടിച്ച കർണാടക ആർ.ടി.സി. ഡ്രൈവർക്ക് സസ്പെൻഷൻ. മാണ്ഡ്യയിലെ മലവള്ളി ഡിപ്പോയിലെ ഡ്രൈവർ വി. മഹേഷിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. മലവള്ളിക്കും മൈസൂരുവിനും ഇടയിലുള്ള റൂട്ട് നമ്പർ 79 ലാണ് സംഭവം. ബസ് ഓടിക്കുന്നതിനിടെ ഇയാൾ മൊബൈൽഫോണിൽ റീലുകൾ കാണുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഗതാഗതവകുപ്പ് മന്ത്രി ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കാനായി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.