ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബെവ്റജസ് ഔട്ട്ലെറ്റുകളില്‍ നടന്നത് റെക്കോർഡ് മദ്യവില്‍പ്പന.ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബെവ്റജസ് കോർപ്പറേഷൻ പുറത്തുവിട്ടത്. ഈ വർഷം ഡിസംബർ 24നും 25നും ആകെ 152.06 കോടിയുടെ മദ്യം വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വർഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവില്‍പനയില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ 24.50 ശതമാനത്തിന്റെ (29.92 കോടി) വർധനവാണ് ഉണ്ടായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മദ്യ വിലയിലുള്ള വർധനവും കൂടുതല്‍ തുകയ്ക്കുള്ള മദ്യവില്‍പനക്ക് കാരണമായിട്ടുണ്ട്.
ഈ വർഷം ഡിസംബർ 25ന് ബെവ്റജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബർ 25ലെ വില്‍പനയില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ 6.84 ശതമാനത്തിന്റെ വർധനവാണ് ഇത്തവണയുണ്ടായത്.ഈ വർഷം ഡിസംബർ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയർഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബർ 24ന് ഔട്ട്ലെറ്റുകളിലൂടെ 71 കോടിയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബർ 24ലെ വില്‍പ്പനയില്‍ 37.21 ശതമാനത്തിന്റെ വർധനവാണ് ഇത്തവണയുണ്ടായത്.