യുപിഐ ലൈറ്റ് ഇടപാടുകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഓഫ്‌ലൈൻ മോഡിലെ ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടിന്റെ പരിധി 200 രൂപയില്‍ നിന്ന് 500 രൂപയായാണ് ഉയര്‍ത്തിയത്.
ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോ ആയ സ്ഥലങ്ങളില്‍ യുപിഐ ലൈറ്റ് വാലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതായത് ഇൻറര്‍നെറ്റോ, മറ്റു കണക്ടിവിറ്റി സംവിധാനങ്ങളോ ആവശ്യമില്ലാതെ തന്നെ 500 രൂപ വരെയുളള ഇടപാടുകള്‍ നടത്താമെന്ന് ചുരുക്കം. അതേസമയം വിവിധ ഇടപാടുകളിലൂടെ ,ഒരു ദിവസം കൈമാറാൻ കഴിയുന്ന തുകയുടെ മൊത്തത്തിലുള്ള പരിധി 2,000 രൂപയായിത്തന്നെ തുടരും.
ആഗസ്റ്റ് 10ന് നടന്ന ആര്‍ബിഐയുടെ ധനന സമിതിയുടെ യോഗത്തിലാണ് പുതിയ മാറ്റം നിര്‍ദേശിച്ചത്. ഇടപാട് പരിധി ഉയര്‍ത്തിയതോടെ, കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്ക് ടു ഫാക്ടര്‍ വെരിഫിക്കേഷന്റെ ആവശ്യകത ഇല്ലാതെ തന്നെ, എളുപ്പത്തിലും, വേഗത്തിലും, ഉപയോക്താക്കള്‍ക്ക് 500 രൂപവരെയുള്ള ഇടപാടുകള്‍ നടത്താൻ കഴിയും. ഇടപാട് പരിധി ഉയര്‍ത്തയതോടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യത്തോടെ ഇടപാടുകള്‍ നടത്താനും കഴിയും.
2022 സെപ്റ്റംബറില്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയും ആര്‍ബിഐയും ചേര്‍ന്നാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത യുപിഐ സംവിധാനത്തിന്റെ വിപുലീകരിച്ച പതിപ്പാണിത്. ഇത് വഴി 500 രൂപവരെയുള്ള ഇടപാടുകള്‍ ഈസിയായി നടത്താം. യുപിഐ ലൈറ്റ് അക്കൗണ്ടില്‍ 2000 രൂപ വരെ ഉപഭോക്താവിന് സൂക്ഷിക്കാവുന്നതാണ്.
ഇടപാടുകള്‍ നടത്താൻ, ആപ്പിലെ വാലറ്റില്‍ ആദ്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ട്രാൻസഫര്‍ ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന്, ഈ പണം ഉപയോഗിച്ച് വാലറ്റില്‍ നിന്ന് യുപിഐ ലൈറ്റ് വഴി പേയ്‌മെന്റുകള്‍ നടത്താം.