കൊച്ചി: റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ആറ് ഗ്രാം കഞ്ചാവാണ് ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്.
പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവർ ഫ്ലാറ്റിൽ ഒത്തുകൂടിയത്. അതിനിടെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്നാണ് വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി. കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് തീരുമാനം.
രാവിലെ പൊലീസ് എത്തുമ്പോള്‍ ഒമ്പതുപേരും മുറിയിൽ വിശ്രമിക്കുകയായിരുന്നു. കുറച്ചു ദിവസമായി വേടനും സംഘവും നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെല്ലാം വേടന്‍റെ റാപ്പ് ടീമിൽ ഉള്‍പ്പെട്ടവരാണ്. വേടൻ അടക്കമുള്ള എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധന നടത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമടക്കം ഇപ്പോള്‍ പറയാനാകില്ലെന്നും സിഐ വ്യക്തമാക്കി.
രാസലഹരിക്കെതിരെ നേരത്തേ റാപ്പർ വേടൻ വേദികളിലും സമൂഹമാധ്യമങ്ങളിലും വലിയ പ്രചാരണം നടത്തിയിരുന്നു. വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നാണ് ഇന്ന് രാവിലെ കഞ്ചാവ് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയാണ് വേടനടക്കമുള്ള ഒമ്പതുപേര്‍ പരിപാടി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയത്. പൊലീസിനെയും എക്സൈസിനെയും സംബന്ധിച്ച് ചെറിയ കേസാണെങ്കിലും നിരവധി യുവാക്കളെയടക്കം സ്വാധീനിക്കുന്ന വ്യക്തിയിൽ നിന്ന് ലഹരി കണ്ടെത്തിയത് ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ വേടന്‍റെ ഫ്ലാറ്റിൽ നിന്ന് ഏഴു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തെന്നാണ് പൊലീസ് നൽകിയ വിവരം. പിന്നീടാണ് ആറു ഗ്രാമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് തിരുത്തിയത്.