ബെംഗളൂരുവില്‍ റാപ്പിഡോ ഡ്രൈവറിൻ്റെ തട്ടിപ്പ്. യാത്രക്കാരില്‍ നിന്ന് അമിത തുക ഈടാക്കാൻ റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ചതായുള്ള പോസ്റ്റ് പങ്കുവെച്ച് യുവതി.തട്ടിപ്പ് സംബന്ധിച്ചുള്ള കുറിപ്പ് യുവതി പങ്കുവെച്ചതിന് പിന്നാലെ കമ്ബനി മാപ്പ് പറഞ്ഞു. തട്ടിപ്പ് ചൂണ്ടിക്കാട്ടി യുവതി എഴുതിയ കുറിപ്പ് ഇൻസ്റ്റഗ്രാമിലും ലിങ്ക്ഡിനിലുമാണ് പങ്കുവെച്ചത്. ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് സ്വന്തം സ്ഥലത്തേക്ക് മടങ്ങിയ അനുഭവമാണ് മീന ഗോയല്‍ പങ്കുവെച്ചത്.ആപ്പില്‍ 534 രൂപയാണ് കാണിച്ചിരുന്നത് എന്നാല്‍ ഡ്രൈവര്‍ അധികം പണം ചോദിച്ചുവെന്ന് യുവതി. ഡ്രൈവറുടെ സ്ക്രീനില്‍ 650 രൂപ കാണിച്ചുവെന്ന് അവര്‍ പറഞ്ഞു. പെട്ടെന്നു പണം അടയ്ക്കണമെന്നും അടുത്ത റൈഡ് ബുക്ക് ആയിട്ടുണ്ടെന്നും ഡ്രൈവര്‍ യുവതിയോട് പറഞ്ഞു. ആപ്പ് കാണിക്കാന്‍ യുവതി ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവര്‍ വ്യാജ ആപ്പ് ഉപയോഗിച്ചെന്ന് വ്യക്തമായത്.റാപ്പിഡോയ്ക്ക് സമാനമായ ലോഗോയുള്ള ആപ്പ് ഡ്രൈവര്‍ കാണിക്കുകയായിരുന്നു. ചോദ്യം ചെയ്തതോടെ ഡ്രൈവര്‍ കുറ്റം സമ്മതിച്ചുവെന്ന് യുവതി പറഞ്ഞു. സംഭവം വൈറലായതോടെ റാപ്പിഡോ, ഡ്രൈവറെ അക്കൗണ്ട് ആപ്പില്‍നിന്ന് നീക്കുകയും യുവതിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.