ബെംഗളൂരു: ഹാസനിലെ ജെ.ഡി.എസ്. എം.പി. പ്രജ്ജ്വല്‍ രേവണ്ണയുടെ പേരില്‍ വീണ്ടും പീഡനപരാതി. ഹാസനിലെ ഒരു തദ്ദേശ സ്ഥാപനത്തിലെ മുന്‍ വനിതാ ജനപ്രതിനിധി നല്‍കിയ പരാതിയില്‍ പ്രജ്ജ്വലിന്റെ പേരില്‍ പോലീസിന്റെ സി.ഐ.ഡി. വിഭാഗം കേസെടുത്തു. 2021-ല്‍ ഔദ്യോഗികാവശ്യത്തിന് പ്രജ്ജ്വലിനെ കാണാന്‍ ഹാസനിലെ എം.പി. ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തെന്നാണ് പരാതി. മൂന്നുവര്‍ഷത്തിനിടെ പലതവണ ബലാത്സംഗംചെയ്തെന്നും പരാതിയില്‍ പറഞ്ഞു.
ഒരു ഹോസ്റ്റലില്‍ ഏതാനും പെണ്‍കുട്ടികള്‍ക്ക് സീറ്റിന് സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ പ്രജ്ജ്വലിനെ സമീപിച്ചത്. ആദ്യദിവസം തിരക്കാണെന്നുപറഞ്ഞ് പിറ്റേന്നുവരാന്‍ ആവശ്യപ്പെട്ടു. അടുത്തദിവസം ചെന്നപ്പോള്‍ സന്ദര്‍ശകരെ മുഴുവന്‍ പറഞ്ഞുവിട്ടശേഷം സംസാരിച്ചെന്നും തന്നെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറഞ്ഞു.
രണ്ടാം ലൈംഗികപീഡനക്കേസാണ് പ്രജ്ജ്വലിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്തത്. നേരത്തേ, എച്ച്.ഡി. രേവണ്ണയുടെ വീട്ടിലെ മുന്‍ജോലിക്കാരിയായ 47-കാരി നല്‍കിയ പരാതിയില്‍ രേവണ്ണയെയും പ്രജ്ജ്വലിനെയും പ്രതികളാക്കി കേസെടുത്തിരുന്നു.