ബെംഗളൂരു വിമാനത്താവളത്തിലെ രാമേശ്വരം കഫേയില്‍ നിന്ന് വാങ്ങിയ പൊങ്കലില്‍ പുഴുവെന്ന് ഉപഭോക്താവിന്റെ ആരോപണത്തില്‍ മറുപടിയുമായി കഫേ അധികൃതർ.പരാതി ഉന്നയിച്ച ഉപഭോക്താവിനെതിരെ ബ്ലാക്ക് മെയിലിംഗും പണം തട്ടലും ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി. ജൂലൈ 24 ന് രാവിലെ ഏഴ് പേരടങ്ങുന്ന സംഘം പൊങ്കല്‍ വിഭവത്തില്‍ പ്രാണിയെ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. എന്നാല്‍ ഇവരുടെ ആരോപണം വ്യാജമാണെന്നും 25 ലക്ഷം രൂപ പണമായി നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയതായും കഫേ അധികൃതർ ആരോപിച്ചു.
ബ്രാൻഡിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായി ആരോപിച്ച് കഫേ ബെംഗളൂരു ഡിവിഷൻ മേധാവി സുമന്ത് എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഫോണ്‍ കോളിലൂടെയാണ് പണം ആവശ്യപ്പെട്ടതെന്നും പണം ബ്രിഗേഡ് റോഡില്‍ എത്തിക്കാൻ വിളിച്ചയാള്‍ നിർദ്ദേശിച്ചതായും പരാതിയില്‍ പറയുന്നു.ഭക്ഷ്യവസ്തുക്കളില്‍ മായം കലർന്നുവെന്ന ആരോപണം രാമേശ്വരം കഫേയുടെ സ്ഥാപക ദിവ്യ രാഘവ് നിഷേധിച്ചു. സുരക്ഷക്കും ശുചിത്വത്തിനും യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും വിമാനത്താവളങ്ങള്‍ പോലുള്ള അതിസുരക്ഷ മേഖലകളില്‍ കർശനമായ ഗുണനിലവാര പ്രോട്ടോക്കോളുകള്‍ക്ക് കീഴിലാണ് പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കഫേ ആരോപിച്ചു. മുൻകാലങ്ങളിലും ഭക്ഷണത്തില്‍ പ്രാണികളോ കല്ലുകളോ ഉപേക്ഷിച്ച വ്യക്തികളെ കയ്യോടെ പിടികൂടിയ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദിവ്യ കൂട്ടിച്ചേർത്തു. പരാതിയെ പിന്തുണയ്ക്കുന്നതിനായി കോള്‍ റെക്കോർഡുകള്‍, സ്ക്രീൻഷോട്ടുകള്‍, മറ്റ് തെളിവുകള്‍ എന്നിവ റസ്റ്റോറന്റ് സമർപ്പിച്ചിട്ടുണ്ട്. കൂടാതെ പൊലീസുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും അവർ പറയുന്നു. ലോകനാഥ് എന്ന ഉപഭോക്താവ് തന്റെ ഭക്ഷണത്തില്‍ ഒരു പ്രാണിയെ കണ്ടെത്തിയതായി അവകാശപ്പെട്ടതിനെ തുടർന്നാണ് സംഭവം ആദ്യം പുറത്തുവന്നത്.
പൊങ്കലില്‍ പ്രാണിയെ കാണിക്കുന്ന വീഡിയോ അദ്ദേഹം പങ്കുവെക്കുകയും ജീവനക്കാർ ക്ഷമാപണം നടത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.