ബംഗളൂരു: സ്ഫോടനം നടന്ന ബംഗളൂരു വൈറ്റ് ഫീല്‍ഡിലെ ബ്രൂക്ക്ഫീല്‍ഡില്‍ രാമേശ്വരം കഫേ പ്രവർത്തനം പുനരാരംഭിച്ചു.സ്ഫോടനം നടന്ന് എട്ട് ദിവസത്തിന് ശേഷം ഇന്ന് രാവിലെയാണ് കഫേയുടെ പ്രവർത്തനം പുനരാരംഭിച്ചത്.സഹ സ്ഥാപകൻ രാഘവേന്ദ്ര റാവും ജീവനക്കാരും ദേശീയഗാനം ആലപിച്ച ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. കർശന പരിശോധനക്ക് ശേഷമാണ് കഫേക്കുള്ളിലേക്ക് ആളുകളെ കയറ്റിവിടുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ വലിയനിര രാവിലെ തന്നെ ദൃശ്യമാണ്.
ഭാവിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാൻ വേണ്ട മുൻകരുതല്‍ എടുത്തിട്ടുണ്ടെന്ന് രാഘവേന്ദ്ര റാവു മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി വിമുക്ത ഭടന്മാരുടെ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.മാർച്ച് ഒന്നിന് ഉച്ചക്ക് ഒരു മണിയോടെയാണ് രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഒമ്ബതു പേർക്ക് പരിക്കേറ്റിരുന്നു. തൊപ്പി ധരിച്ച് മുഖം മറച്ച് എത്തിയ പ്രതി ടൈമർ ഘടിപ്പിച്ച ബോംബ് വസ്തു അടങ്ങിയ ബാഗ് കഫേയില്‍ ഒളിപ്പിച്ച് മടങ്ങുകയായിരുന്നു. ഇയാള്‍ വരുന്നതിന്‍റെയും മടങ്ങുന്നതിന്‍റെയുമടക്കം വിവിധ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറിയിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് നാലു പേർ കസ്റ്റഡിയിലാണ്. ലോക്കല്‍ പൊലീസില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച കർണാടക പൊലീസിലെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി) ഏറ്റെടുത്ത അന്വേഷണമാണ് എൻ.ഐ.എക്ക് കൈമാറിയത്.