ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസിലെ നാല് പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ മുസവ്വിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുള്‍ മത്തീന്‍ അഹമ്മദ് താഹ, മാസ് മുനീര്‍ അഹമ്മദ്, മുസമ്മില്‍ ഷെരീഫ് എന്നിര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാപന ദിനത്തില്‍ ബെംഗളൂരുവിലെ ബിജെപി ആസ്ഥാനത്ത് സ്‌ഫോടനം നടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടതായി കുറ്റപത്രത്തില്‍ പറയുന്നു.
ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് രാമേശ്വരം കഫെയില്‍ ബോംബ് വെച്ചത്. പ്രതികള്‍ക്ക് ഐഎസ്-ലക്ഷ്‌കർ ഇ തോയിബ എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ളതായി തെളിഞ്ഞെന്നും എന്‍ഐഎയുടെ കുറ്റപത്രത്തിലുണ്ട്.ബെംഗളുരുവിലെ ബ്രുക് ഫീല്‍ഡിലുള്ള രാമേശ്വരം കഫെയില്‍ കഴിഞ്ഞ മാര്‍ച്ച് മാസം ഒന്നാം തിയ്യതി നടന്ന ഇരട്ട സ്‌ഫോടന കേസിലാണ് എന്‍ഐഎയുടെ കുറ്റപത്രം സമർപ്പിച്ചത്. അയോധ്യ രാമ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്ന ജനുവരി 22 ന് സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി.
എന്നാല്‍ അന്നേ ദിവസം രാജ്യം അതീവ സുരക്ഷാ വലയത്തിലായതിനാല്‍ പദ്ധതി പാളുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.കേസിലെ ഒന്നാം പ്രതിയായ മുസവ്വിര്‍ ഹുസ്സൈന്‍ ഷാസിബാണ് ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തി കഫെയില്‍ ബോംബ് വെച്ചത്. ശുചിമുറിയ്ക്ക് സമീപമുള്ള ട്രേയില്‍ ഇരുന്ന ബാഗായിരുന്നു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ഫോടനം നടന്ന് 42 ദിവസങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളിലെ ഒളിത്താവളത്തില്‍ നിന്ന് എന്‍ഐഎ നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടാനായത്.
പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ്, ലക്ഷ്‌കര്‍ ഇ തോയിബ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തി. ബിറ്റ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി എന്നിവ ഉപയോഗിച്ച് പണം സമാഹരിച്ചായിരുന്നു പ്രവര്‍ത്തനം. പ്രതികള്‍ ഇന്ത്യന്‍-വിദേശ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചായിരുന്നു ഒളിവില്‍ കഴിഞ്ഞതെന്നും എന്‍ഐഎ കണ്ടെത്തി. തുടക്കത്തില്‍ ബിസിനസ് കുടിപ്പകയായി കണക്കാക്കിയിരുന്ന രാമേശ്വരം കഫെ സ്ഫോടനം തീവ്രവാദ ആക്രമണത്തിന്റെ സ്വഭാവം കണ്ടതോടെയായിരുന്നു എൻഐഎ ഏറ്റെടുത്തത്.
യാത്രമധ്യേ ട്രാക്കില്‍ കുടുങ്ങി വന്ദേ ഭാരത് ; രക്ഷകനായത് പഴയ എൻജിൻ ട്രെയിൻ , സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴ
ഡൽഹിയിൽ നിന്നും വാരാണസിയിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് യാത്രാമധ്യേ ട്രാക്കില്‍ കുടുങ്ങി. ട്രെയിനിന്റെ എഞ്ചിൻ തകരാറ് മൂലം ആയിരുന്നു പാതിവഴിയില്‍ നിന്ന് പോയത്.ഒടുവില്‍ ട്രാക്കില്‍ കുടുങ്ങിയ വന്ദേ ഭാരതിനെ രക്ഷിക്കാൻ എത്തിയത് പഴയ ട്രെയിനിന്റെ എഞ്ചിൻ .മാത്രമല്ല എഞ്ചിൻ തകരാറ് സംഭവിച്ചതോടെ ട്രെയിനിലെ എസിയുടെ പ്രവർത്തനവും നിലച്ചതായാണ് റിപ്പോർട്ട്. കൂടാതെ പാതിവഴിയില്‍ കുടുങ്ങിയതോടെ ഏതാനും യാത്രക്കാരെ മറ്റ് ട്രെയിനുകളില്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു.
മണിക്കൂറുകളോളം ഉത്തർപ്രദേശിലെ ഇറ്റാവയില്‍ കുടുങ്ങിയതോടെ മറ്റ് ട്രെയിനുകള്‍ക്കും യാത്ര തടസമുണ്ടായി. ഇതോടെയാണ് പഴയ ട്രെയിനിന്റെ എഞ്ചിൻ അത്യാധുനിക സൗകര്യങ്ങളോടെ ട്രാക്കിലിറങ്ങിയ വന്ദേ ഭാരതിന് രക്ഷകനായെത്തിയത്.സംഭവം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. പഴയ എഞ്ചിൻ വന്ദേ ഭാരതിനെ വലിച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ‘
ബിജെപി കാലത്ത് എഞ്ചിന് തകരാറ് സംഭവിച്ചിരിക്കുന്നു, കോണ്‍ഗ്രസ് എഞ്ചിൻ രക്ഷകനാകുന്നു’വെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ചിലർ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്. അഴിമതിയാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് മറ്റ് ചിലരുടെ വാദം.