Home Featured രാമനഗരയെ ബെംഗളൂരു സൗത്ത് ആയി പ്രഖ്യാപിക്കണം;സിദ്ധരാമയ്യയ്ക്ക് കോണ്‍ഗ്രസിൻ്റെ നിവേദനം

രാമനഗരയെ ബെംഗളൂരു സൗത്ത് ആയി പ്രഖ്യാപിക്കണം;സിദ്ധരാമയ്യയ്ക്ക് കോണ്‍ഗ്രസിൻ്റെ നിവേദനം

by admin

കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ സ്ഥിസ്തി ചെയ്യുന്ന പട്ടുനൂല്‍ പട്ടണമായ രാമനഗരയെ ബെംഗളൂരു സൗത്ത് ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുളള 13 കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പിട്ട നിവേദനമാണ് സിദ്ധരാമയ്യയ്ക്ക് കൈമാറിയത്.

ബെംഗളൂരുവിനു ലഭിക്കുന്ന ആഗോള അംഗീകാരവും പ്രൗഢിയും രാമനഗരക്ക് കൂടി കിട്ടണമെന്ന ലക്ഷ്യമാണ് ആവശ്യത്തിന് പിന്നിലെന്ന് നിവേദനത്തില്‍ പറയുന്നു. വരുന്ന മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തില്‍ എത്തും.

നേരത്തെ രാമനഗരയെ ബെംഗളൂരു ജില്ലയുടെ ഭാഗമാക്കണമെന്ന ആവശ്യവുമായി ഡികെ ശിവകുമാര്‍ രംഗത്ത് വന്നിരുന്നെങ്കിലും പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും എതിര്‍ക്കുകയായിരുന്നു. രാമാനഗരയുടെ ശില്പി താനാണെന്നും ആരുടെയും വ്യക്തി താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ളതല്ല ജില്ലയെന്നും ജെഡിഎസ് അധ്യക്ഷന്‍ എച് ഡി കുമാരസ്വാമി വ്യക്തമാക്കിയിരുന്നു.

രാമനഗര, ചന്നപട്ടണ, മാഗധി, കനക്പുര, ഹരോഹള്ളി എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലയാണ് രാമനഗര ജില്ല. ജില്ലയെ ബെംഗളൂരു സൗത്ത് ആയി പ്രഖ്യാപിക്കുന്നതോടെ പ്രദേശത്തെ വസ്തുവകകള്‍ക്കും ഭൂമിക്കും വിലയേറും. ഡി കെ ശിവ കുമാറിന്റെയും എച് ഡി ദേവെ ഗൗഡ കുടുംബത്തിന്റെയും കൃഷി ഇടങ്ങളും ഭൂമിയുമായി ബന്ധപ്പെട്ട മറ്റ് ആസ്തി വകകളുമൊക്കെ സ്ഥി്തി ചെയ്യുന്ന പ്രദേശം കൂടിയാണ് രാമനഗര. ബെംഗളൂരു – മൈസൂരു അതിവേഗ പാതയുടെ വരവോടെ നഗരത്തില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടു പോയ ഈ പ്രദേശങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രഖ്യാപനം വഴി വെയ്ക്കും.

പ്രഖ്യാപനം കൊണ്ട് മൊത്തത്തില്‍ എല്ലാവര്‍ക്കും നേട്ടമുണ്ടാകുമെങ്കിലും തത്കാലം കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനത്തെ എതിര്‍ത്തു മുന്നില്‍ നില്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രദേശം ബെംഗളൂരു സൗത്ത് ആകുന്നതോടെ ഇവിടത്തെ വോട്ടുബാങ്ക് നഷ്ടപ്പെടുമോയെന്ന ഭയം ജെഡിഎസിനുണ്ട്. ജെഡിഎസിന്റേയും കോണ്‍ഗ്രസിന്റെയും വോട്ടു ബാങ്കായ വൊക്കലിഗ സമുദായത്തിന് സ്വാധീനമുള്ള പ്രദേശമാണ് രാമനഗര ജില്ല. കുമാരസ്വാമി ലോക്‌സഭ അംഗമായതിനാല്‍ എംഎല്‍എ സ്ഥാനം രാജി വെച്ച ചന്നപട്ടണ മണ്ഡലം രാമനഗരയുടെ ഭാഗമാണ്. ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ മണ്ഡലം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് കച്ച മുറുക്കുന്നുണ്ട് . ഉപതിരഞ്ഞെടുപ്പ് വിജയം കൂടി മുന്നില്‍ കണ്ടാണ് ശിവകുമാറിന്റെ ഇപ്പോഴത്തെ നീക്കം എന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group