Home പ്രധാന വാർത്തകൾ ബെംഗളൂരുവില്‍ ഒരു മണിക്കൂര്‍ കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരിനെതിരെ രാജീവ് റായ് എം.പി

ബെംഗളൂരുവില്‍ ഒരു മണിക്കൂര്‍ കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരിനെതിരെ രാജീവ് റായ് എം.പി

by admin

ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്കില്‍പ്പെട്ട് വലഞ്ഞ സമാജ്‌വാദി പാർട്ടി എം.പി. രാജീവ് റായ്. ഇതിനെതിരെ ട്രാഫിക് പോലീസിനും സംസ്ഥാന സർക്കാരിനുമെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.ഉത്തർപ്രദേശിലെ ഗോസി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പി., കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ടാഗ് ചെയ്തുകൊണ്ടാണ് നഗരത്തിലെ മോശം ഗതാഗത സംവിധാനത്തെ സാമൂഹിക മാധ്യമത്തില്‍ വിമർശിച്ചത്.പാർലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് പോകുന്നതിന് മുന്നോടിയായി ഞായറാഴ്ച കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് രാജീവ് റായ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്. രാജ്കുമാർ സമാധി റോഡില്‍ ഏകദേശം ഒരു മണിക്കൂറോളം അദ്ദേഹത്തിന്റെ വാഹനം നിശ്ചലമായ അവസ്ഥയിലായിരുന്നു.

വിമാനം നഷ്ടപ്പെടുമോ എന്ന ആശങ്കയ്ക്കിടെയാണ് അദ്ദേഹം അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയത്.ഇത്രയും വലിയ ഗതാഗത പ്രതിസന്ധി ഉണ്ടായിട്ടും ഇത് നിയന്ത്രിക്കാൻ ഒരു ട്രാഫിക് പോലീസുകാരൻ പോലും റോഡിലുണ്ടായിരുന്നില്ലെന്ന് എം.പി. കുറ്റപ്പെടുത്തി. മാത്രമല്ല, ട്രാഫിക് പോലീസിനെ ഫോണില്‍ വിളിക്കാൻ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് ബെംഗളൂരുവിലെ ട്രാഫിക് പോലീസിന്റെ കഴിവില്ലായ്മയും നിരുത്തരവാദപരമായ സമീപനവുമാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.”ബഹുമാനപ്പെട്ട കർണാടക മുഖ്യമന്ത്രി, നിങ്ങളുടേത് ഏറ്റവും മോശം ട്രാഫിക് മാനേജ്‌മെന്റാണ്. ഒപ്പം നിരുത്തരവാദപരമായ ട്രാഫിക്ക് പോലീസും. അവർ ഫോണ്‍കോള്‍ പോലും എടുക്കുന്നില്ല. ഞാൻ അവരുമായി ബന്ധപ്പെടാൻ ശ്രമിച്ചതിന്റെ സ്‌ക്രീൻഷോട്ടുകള്‍ ഇതിനോടൊപ്പം പങ്കുവെയ്ക്കുന്നു. ഈ മനോഹരമായ നഗരത്തിന്റെ പേരും അതിന്റെ സൗന്ദര്യവും നശിപ്പിക്കാൻ ഇത്തരം കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥർ മതിയാകും,” രാജീവ് റായ് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.നിലവില്‍ ബെംഗളൂരുവിലെ ട്രാഫിക്, രാജ്യത്തെ ഏറ്റവും കുപ്രസിദ്ധിയുള്ള ഗതാഗതക്കുരുക്കുകള്‍ക്ക് പേരുകേട്ട ഇടമെന്ന ഖ്യാതി നേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതീവ തിരക്കേറിയ നഗരമായ ബെംഗളൂരുവില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാണെങ്കിലും ഒരു ജനപ്രതിനിധിയുടെ ഈ പരസ്യവിമർശനം അധികൃതർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group