ബംഗളൂരു : കര്‍ണാടകയിലെ കൊടകില്‍ സ്ഥിതി ചെയ്യുന്ന രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി ജനങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, കര്‍ണാടകയിലുള്ള ഇന്ദിരാ ഗാന്ധി കാന്റീനുകളുടെയും പേര് മാറ്റണമെന്നാണ് ഉയരുന്ന ആവശ്യം.
ഇതുസംബന്ധിച്ച് കൊടക് സ്വദേശികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അപേക്ഷ നല്‍കി. നഗരത്തിലുള്ള ഇന്ദിര ഗാന്ധി കാന്റീനുകളുടെ പേര് മാറ്റി പകരം അന്നപൂര്‍ണേശ്വരി എന്നാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.നാഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്ക് അഥവാ രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റണം എന്ന ആവശ്യവുമായി കഴിഞ്ഞ ദിവസമാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
രാജ്യത്തിന് വേണ്ടി പോരാടിയ ധീര നേതാക്കളുടെ പേര് നല്‍കണമെന്നും അപേക്ഷയില്‍ പറയുന്നു. ഒരു പ്രത്യേക കുടുംബത്തെയും രാഷ്‌ട്രീയ പാര്‍ട്ടിയെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് നാഷണല്‍ പാര്‍ക്കിന് ഈ പേര് നല്‍കിയിരിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പേരുകള്‍ മാറ്റണമെന്ന ആവശ്യം ഉയരുന്നത്.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും, വനമന്ത്രി ഭൂപേന്ദ്ര യാദവിനും, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്‌ക്കും നാട്ടുകാര്‍ അപേക്ഷ നല്‍കി. രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്ന പേര് മാറ്റി ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയുടേയോ ജനറല്‍ തിമ്മയ്യയുടേയോ പേര് നല്‍കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. ധീര യോദ്ധാക്കളുടെ പേരുകളാണ് നാഷണല്‍ പാര്‍ക്കിന് നല്‍കേണ്ടതെന്നും കൊടക് സ്വദേശികള്‍ പറയുന്നു.