രജനികാന്തിന്റെ നെല്‍സണ്‍ ദിലീപ് കുമാര്‍ ചിത്രം ജയിലറിന് മികച്ച പ്രതികരണം. പുലര്‍ച്ചെ ആരംഭിച്ച് ഷോയുടെ ആദ്യ പകുതി പൂര്‍ത്തിയായതോടെ സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നെല്‍സണ്‍ ദിലീപ് കുമാറിന് വിജയിയുടെ ബീസ്റ്റ് നല്‍കിയ ക്ഷീണം തലൈവറിന്റെ ജയിലര്‍ മാറ്റിയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുലര്‍ച്ചെ ആറോടെയാണ് ഷോകള്‍ ആരംഭിച്ചത്.സംസ്ഥാനത്തെ തിയേറ്ററുകളെല്ലാം ഹൗസ് ഫുള്ളാണ്.
അത്യന്തം കോമഡിയില്‍ പൊതിഞ്ഞ ത്രില്ലറാണ് രജനി ചിത്രമെന്നാണ് സൂചനകള്‍. കേരളത്തില്‍ മുന്നൂറിലധികം തിയേറ്ററിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും ചിത്രം നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും താരം അനിരുദ്ധ് ഒരുക്കിയ ബിജിഎമ്മുകളും ചിത്രത്തിന് വലിയൊരു മാസ് പരിവേഷം നല്‍കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മ്മിച്ചത്.ഗോകുലം മൂവിസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. അണ്ണാത്തെയ്‌ക്ക് ശേഷം എത്തുന്ന തലൈവര്‍ ചിത്രം എന്ന പ്രത്യേകതയും ജയിലറിനുണ്ട്. കനത്ത പരാജയത്തിന് ശേഷമുള്ള രജനികാന്തിന്റെയും തിരിച്ചുവരവാണ് ചിത്രമെന്ന് വിലയിരുത്തപ്പെടുന്നു.
രണ്ട് ദിവസം മുന്‍പ് ആരംഭിച്ച ടിക്കറ്റ് ബുക്കിംഗിനും വലിയ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരിക്കുന്നത്. ഇന്നലെ വരെ 612,000 ടിക്കറ്റുകളാണ് വിറ്റഴിച്ചതെന്നാണ് വിവരം. ബിസിനസ് ടുഡേ റിപ്പോര്‍ട്ട് പ്രകാരം മുന്‍കൂര്‍ ബുക്കിംഗില്‍ മാത്രം ഇന്ത്യയൊട്ടാകെ 22.83 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്.
രജനികാന്തിന്റെ കരിയറിലെ 169-ാം ചിത്രമാണ് ജയിലര്‍. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രവും ഇതാണ്. കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രമ്യ കൃഷ്ണനും വിനായകനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.