മലയാള സിനിമയിൽ കാസർകോടിനും പ്രാദേശിക ഭാഷയ്ക്കും ഇടമുണ്ടാക്കിയവരിൽ പ്രധാനിയായ നടനും കാസ്റ്റിങ് ഡയറക്ടറും സംവിധായകനുമായ രാജേഷ് മാധവന് മാംഗല്യം. ദീപ്തി കാരാട്ട് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹനിശ്ചയം നടന്നത്.
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി. വിവാഹനിശ്ചയത്തിന് പിന്നാലെ, ദീപ്തിക്കും രാജേഷിനും ആശംസകൾ നേർന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്.
‘അങ്ങനെ അതുറപ്പിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരുടെയും ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ന്നാ താൻ കേസ് കൊട് സിനിമയിൽ രാജേഷിന്റെ ജോഡിയായി അഭിനയിച്ച് വൈറലായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായരും താരദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ്.
കാസർകോട് കൊളത്തൂർ സ്വദേശിയായ രാജേഷ് ടെലിവിഷൻ പരിപാടികളിലൂടെയാണ് കലാലോകത്തേക്ക് എത്തിയത്. പിന്നീട്, അപ്രതീക്ഷിതമായാണ് സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്.സനൽ അമന്റെ അസ്തമയം വരെ എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ കൺട്രോളറായി തുടങ്ങിയ രാജേഷ്, സുഹൃത്ത് രവി ശങ്കറും ദിലീഷ് പോത്തനരികിൽ കഥ പറയാൻ ചെന്നതോടെ മഹേഷിന്റെ പ്രതികരാത്തിൽ ചെറിയ വേഷം ലഭിച്ചു. പിന്നീട് നിരവധി ചെറുതും വലുതുമായ വേഷങ്ങളിലും രാജേഷ് തിളങ്ങി.
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിൽ രാജേഷ് മാധവനും ചിത്രയും അവതരിപ്പിച്ച സുരേഷ്, സുമലത എന്നീ കഥാപാത്രങ്ങളെ നായകനും നായികയുമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ”സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ” എന്നാണ് സിനിമയുടെ പേര്.