ബെംഗളൂരു: വേനൽക്കാലമായതോടെ സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ അഞ്ചുശതമാനം മുതൽ പത്തുശതമാനം വരെ വർധനവ്. ഇതോടെ വൈദ്യുതി ആവശ്യം നിറവേറ്റാൻ ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചതായി ഊർജവകുപ്പു മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. ജനുവരിയിൽ അഞ്ചു ശതമാനമാണ് കൂടിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളാകുമ്പോൾ ആവശ്യകത ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വാങ്ങുന്ന വൈദ്യുതി ജൂണിന്ശേഷം തിരിച്ച് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി ചർച്ചകൾ നടത്തിയതായും മന്ത്രി അറിയിച്ചു.
ചൂടു കൂടിയതോടെ എ.സി., ഫാൻ, റെഫ്രിജറേറ്റർ തുടങ്ങിയവയുടെ പ്രവർത്തനം കുത്തനെ വർധിച്ചതാണ് വൈദ്യുതി ഉപഭോഗം ഉയരാൻ കാരണം.സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ‘എസ്‌കോമു’കളും വൈദ്യുതി നിരക്ക് വർധന സംബന്ധിച്ച് എല്ലാ വർഷവും നിർദേശങ്ങൾ സമർപ്പിക്കാറുണ്ട്. പൊതുജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും കേട്ടശേഷമാണ് കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ (കെ.ഇ.ആർ.സി.) തീരുമാനമെടുക്കുന്നത്.
കഴിഞ്ഞ വർഷം വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നില്ല. നിരക്ക് വർധനവ് സംബന്ധിച്ച് കെ.ഇ.ആർ.സി.യുടെ ശുപാർശയനുസരിച്ചുള്ള സർക്കാരിന്റെ തീരുമാനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞവർഷം കൊടുംവരൾച്ച നേരിട്ടപ്പോൾപോലും സംസ്ഥാനത്ത് ഒരു മണിക്കൂർ മാത്രമാണ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തിയത്. ഈ വർഷം സംസ്ഥാനത്ത് ഇതുവരെ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തിയിട്ടില്ല. പല സർക്കാർ വകുപ്പുകളും എസ്‌കോമിന് വൈദ്യുതി ബില്ലുകൾ കുടിശ്ശിക വരുത്തിയിട്ടുണ്ട്. വലിയ തുകയാണിത്. എല്ലാ വകുപ്പുകളും കുടിശ്ശിക അടച്ചാൽ നഷ്ടംനികത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഈ വർഷം വേനൽക്കാലത്ത് കൊടും ചൂടായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഡൽഹിയിലേക്കാൾ ചൂട് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.