ബംഗളൂരു: സംസ്ഥാനത്തെ വരണ്ട കാലാവസ്ഥ മൂന്നുദിവസം കൂടെ തുടരുമെന്നും വ്യാഴാഴ്ചമുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ്.
ഹാസൻ, കുടക്, ശിവമൊഗ്ഗ, ചിക്കമഗളൂരു, കോലാർ, മാണ്ഡ്യ, മൈസൂരു, ബംഗളൂരു അർബൻ, ബംഗളൂരു റൂറല്‍, ചാമരാജ് നഗർ, തുമകൂരു തുടങ്ങിയ തെക്കൻ മേഖലകളിലും വിജയപുര, കലബുറഗി, റായ്ച്ചൂർ, ബെള്ളാരി തുടങ്ങിയ ഉത്തരമേഖലയിലുമാണ് മഴ പെയ്യാൻ സാധ്യതയുള്ളത്. ആഗുംബെ, ധാർവാഡ്, ശിവമൊഗ്ഗ, ശൃംഗേരി, തലഗുപ്പ തുടങ്ങിയ സ്ഥലങ്ങളില്‍ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. റായ്ച്ചൂരില്‍ കഴിഞ്ഞ ഞായറാഴ്ച ഏറ്റവും ഉയർന്ന താപനിലയായ 37.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ബംഗളൂരുവില്‍ ഏറ്റവും ഉയർന്ന താപനില 34.5 ഡിഗ്രി സെല്‍ഷ്യസും താഴ്ന്ന താപനില 22.3 ഡിഗ്രി സെല്‍ഷ്യസുമാണ്.