Home തിരഞ്ഞെടുത്ത വാർത്തകൾ 48 നഗരങ്ങളില്‍ വമ്പൻ വികസനത്തിന് ഒരുങ്ങി റെയില്‍വേ; കേരളത്തില്‍ നിന്ന് ഇടം പിടിച്ചത് ഈ നഗരം

48 നഗരങ്ങളില്‍ വമ്പൻ വികസനത്തിന് ഒരുങ്ങി റെയില്‍വേ; കേരളത്തില്‍ നിന്ന് ഇടം പിടിച്ചത് ഈ നഗരം

by admin

ന്യൂ ഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. 2030 ആകുമ്ബോള്‍ രാജ്യത്തെ 48 പ്രധാന നഗരങ്ങളില്‍ ട്രെയിനുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി ഇരട്ടിയാക്കാനാണ് റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നത്.പ്രധാനപ്പെട്ട നഗരങ്ങളിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ അനുഭവപ്പെടുന്ന യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കും അസൗകര്യങ്ങളും കുറയ്ക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ കൊച്ചി നഗരവും ഇടംപിടിച്ചിട്ടുണ്ട്.കേവലം സ്റ്റേഷനുകളുടെ വികസനം മാത്രമല്ല, സിഗ്‌നലിങ് സംവിധാനങ്ങള്‍ നവീകരിക്കുന്നതിനും പാതകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും (മള്‍ട്ടിട്രാക്കിംഗ്) പദ്ധതിയില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി മെഗാ കോച്ചിങ് കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

നിലവിലുള്ള റെയില്‍വേ ടെര്‍മിനലുകളുടെ വിപുലീകരണം, കൂടുതല്‍ പ്ലാറ്റ്ഫോമുകള്‍ നിര്‍മ്മിക്കല്‍, ട്രെയിനുകള്‍ നിര്‍ത്തിയിടാനുള്ള സ്റ്റേബിളിങ് ലൈനുകള്‍, പിറ്റ് ലൈനുകള്‍ എന്നിവയുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ വിപുലമായ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. തിരക്കേറിയ പ്രധാന സ്റ്റേഷനുകളിലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ പുതിയ ടെര്‍മിനലുകള്‍ കണ്ടെത്തി വികസിപ്പിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.ഉദാഹരണത്തിന് ബെംഗളൂരു പോലുള്ള നഗരത്തില്‍ നിലവിലുള്ള സ്റ്റേഷനുകള്‍ക്ക് പുറമെ നഗരപ്രാന്തങ്ങളിലുള്ള സ്റ്റേഷനുകള്‍ കൂടി ടെര്‍മിനലുകളായി ഉയര്‍ത്തും. ഇതുവഴി പ്രധാനപ്പെട്ട സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കി കൂടുതല്‍ ട്രെയിനുകള്‍ ഒരേസമയം ഓടിക്കാനും പ്ലാറ്റ്ഫോമുകള്‍ക്കായി കാത്തുകിടക്കുന്നത് ഒഴിവാക്കാനും സാധിക്കും. പദ്ധതി പൂര്‍ത്തിയാക്കാന്‍ 2030 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ ഇതിന്റെ ഗുണഫലങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നാണ് റെയില്‍വേ നല്‍കുന്ന ഉറപ്പ്.മൂന്ന് ഘട്ടങ്ങളിലായാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. അടിയന്തരമായും ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും നടപ്പാക്കേണ്ട വികസനങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. പദ്ധതിരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാര്‍ എല്ലാ സോണല്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഓരോ സോണിലെയും പ്രവര്‍ത്തനത്തിലുള്ള അപാകതകള്‍ പരിഹരിച്ച്‌ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യന്‍ റെയില്‍വേ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.കൊച്ചിയുടെ വികസനവും വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ തിരക്കും പരിഗണിച്ചാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം ജംഗ്ഷന്‍ (സൗത്ത്), എറണാകുളം ടൗണ്‍ (നോര്‍ത്ത്) സ്റ്റേഷനുകളില്‍ കൂടുതല്‍ പ്ലാറ്റ്ഫോമുകളും ട്രെയിനുകള്‍ നിര്‍ത്തിയിടാനുള്ള സ്റ്റേബിളിംഗ് ലൈനുകളും നിര്‍മ്മിക്കും. പ്രധാന സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി പരിസരത്തുള്ള മറ്റ് സ്റ്റേഷനുകളെ കൂടി ടെര്‍മിനല്‍ സൗകര്യങ്ങളോടെ വികസിപ്പിക്കും.ദക്ഷിണേന്ത്യയില്‍ നിന്ന് ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കോയമ്ബത്തൂര്‍, വിജയവാഡ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. ഈ നഗരങ്ങളിലേക്കെല്ലാം കേരളത്തില്‍ നിന്ന് ധാരാളം യാത്രക്കാരുള്ളതിനാല്‍, ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് മലയാളികള്‍ക്ക് വലിയ ആശ്വാസമാകും.

You may also like

error: Content is protected !!
Join Our WhatsApp Group