ടിക്കറ്റെടുക്കാൻ നിരവധിപേർ ക്യൂനില്‍ക്കെ അതെല്ലാം മറന്നുകൊണ്ട് ഫോണ്‍ സല്ലാപത്തില്‍ മുഴുകിയ റെയില്‍വേയിലെ ടിക്കറ്റ് ക്ലർക്കിന് പണിപോയി.കർണാടകയിലെ ഗുണ്ടക്കല്‍ റെയില്‍വേ ഡിവിഷനിലെ ക്ലർക്കായ സി മഹേഷിനെയാണ് കൃത്യവിലോപത്തിന്റെ പേരില്‍ അധികൃതർ സസ്പെൻഡ് ചെയ്തത്. മഹേഷിന്റെ ഫോണ്‍സല്ലാപത്തിന്റെ വീഡിയോയും ടിക്കറ്റെടുക്കാൻ ക്യൂ നില്‍ക്കുന്ന ആള്‍ക്കാരുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.യാത്രക്കാർക്ക് ടിക്കറ്റ് നല്‍കിക്കൊണ്ടിരിക്കെയാണ് മഹേഷിന് ഫോണ്‍കോള്‍ എത്തിയത്.
ഒരുമിനിട്ടിനകം തിരിച്ചുവരാമെന്ന് ടിക്കറ്റെടുക്കാൻ നില്‍ക്കുന്നവരോട് പറഞ്ഞശേഷം ഇയാള്‍ ഫോണ്‍സംഭാക്ഷണം തുടങ്ങി. അല്പം കഴിഞ്ഞതോടെ കസേരയില്‍ ചാരിക്കിടന്നായി സംസാരം. പൊട്ടിച്ചിരികളും തമാശപറച്ചിലുകളുമായി സംഭാഷണം നീണ്ടതോടെ ടിക്കറ്റെടുക്കാൻ നിന്നവർ അസ്വസ്ഥരായി. ട്രെയിൻ ഉടൻ എത്തുമെന്നും പെട്ടെന്ന് ടിക്കറ്റ് നല്‍കണമെന്നും പലരും ആവശ്യപ്പെട്ടെങ്കിലും മഹേഷ് അതൊന്നും ഗൗനിച്ചതേയില്ല. ഇതിനിടെ കാത്തുനിന്നവരില്‍ പലരും ക്ഷമയുടെ നെല്ലിപ്പലക കണ്ട് പൊട്ടിത്തെറിക്കാൻ തുടങ്ങി.
ഒടുവില്‍ കാല്‍ മണിക്കൂർ കഴിഞ്ഞാണ് ഫോണ്‍സംഭാഷണം അവസാനിപ്പിക്കാൻ മഹേഷ് തയ്യാറായത്. അതിനുശേഷം എല്ലാവർക്കും ടിക്കറ്റ് നല്‍കുകയും ചെയ്തു.വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് ക്ലർക്കിനെതിരെ അധികൃതർ നടപടി സ്വീകരിച്ചത്.ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്ത പ്രവൃത്തി എന്നാണ് അധികൃതർ സംഭവത്തെക്കുറിച്ച് പറയുന്നത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടാവും എന്നാണ് ലഭിക്കുന്ന സൂചനകള്‍. സോഷ്യല്‍ മീഡിയയിലും മഹേഷിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.