ബംഗളൂരു: നഗരത്തില്‍ മതിയായ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചുവന്ന മൂന്നു ഹുക്കാബാറുകളില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ (സി.സി.ബി) മിന്നല്‍ റെയ്ഡ്.ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹുക്കാ ബാറുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പനയും മറ്റു സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന നടത്തും. മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ബംഗളൂരു കോര്പറേഷന് കൈമാറും.
ജീവന്ബീമാനഗറിലെ ‘കാഷിഷ് കഫേ’, ശിവാജി നഗര്‍ കമേഴ്സ്യല്‍ സ്ട്രീറ്റിലെ ‘ബേണ്‍ ഔട്ട് കഫേ’, മഡിവാളയിലെ ‘എമിറേറ്റ്സ് ഷീഷ കഫേ’ എന്നിവിടങ്ങളിലായിരുന്നു തിങ്കളാഴ്ച പരിശോധന നടത്തിയത്. ഇവക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെ ഉടമകളും മാനേജര്‍മാരുമുള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തു.
ജീവന്‍ബീമാ നഗറിലെ കഫേയില്‍നിന്ന് ഹുക്ക വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും 1000 രൂപയും പിടിച്ചെടുത്തു. കമേഴ്സ്യല്‍ സ്ട്രീറ്റിലെ കഫേയില്‍നിന്ന് 10,000 രൂപയും മഡിവാളയിലെ കഫേയില്‍നിന്ന് 3000 രൂപയുമാണ് പിടിച്ചെടുത്തത്. എന്നാല്‍, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇവിടെനിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
നൂറുശതമാനം വിജയമുണ്ടോ, പ്രധാനാധ്യാപകര്‍ക്ക് വിദേശ ട്രിപ്പ്
ബംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി)യുടെ കീഴിലുള്ള സ്കൂളുകള്‍ നൂറുശതമാനം പ്രവര്‍ത്തന മികവ് നേടിയാല്‍ പ്രധാനാധ്യാപകര്‍ക്ക് വിദേശയാത്രക്ക് അവസരം.സ്കൂളുകളുടെ പ്രവര്‍ത്തന മികവ് ലക്ഷ്യമിട്ടാണ് ബി.ബി.എം.പി ഇത്തരമൊരു പദ്ധതി നടത്താനൊരുങ്ങുന്നത്.
പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആദ്യഘട്ടം നടത്തുക. പദ്ധതി നിര്‍ദേശം ഉന്നത വിദ്യാഭ്യാസ അധികൃതരുടെ അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കും. ഇത്തരത്തില്‍ ബെള്ളാരിയില്‍ സമാനപദ്ധതി നേരത്തേ നടത്തിയിരുന്നു. ഇതോടെ അവിടെ ഒരു വര്‍ഷത്തിന് ശേഷംതന്നെ 70 മുതല്‍ 80 സ്കൂളുകളില്‍ നൂറുശതമാനം വിജയം കൈവരിക്കാനായതായി ബി.ബി.എം.പി സ്പെഷല്‍ കമീഷണര്‍ (വിദ്യാഭ്യാസം) ഡോ. വി. രാമപ്രസാദ് മനോഹര്‍ പറഞ്ഞു. ഇത്തരത്തിലുള്ള പദ്ധതി വഴി പ്രധാനാധ്യാപകര്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കും.
പഠനനിലവാരം മെച്ചപ്പെടുത്താന്‍ കൂടുതല്‍ മെച്ചപ്പെട്ട പാഠ്യരീതി വികസിപ്പിക്കും. ഇത് അധ്യാപകരുടെ കഴിവും വര്‍ധിപ്പിക്കും.പരിമിതമായ സൗകര്യങ്ങളും ഉപകരണങ്ങളും ലഭിച്ചിട്ടും നിലവില്‍തന്നെ അധ്യാപകര്‍ മികച്ച രീതിയിലാണ് തൊഴിലെടുക്കുന്നത്. പുതിയ പദ്ധതിയോടെ അത് കൂടുതല്‍ മെച്ചപ്പെടുത്താനാകും. കുട്ടികള്‍ക്കും ഇത് ഏറെ ഉപകാരപ്രദമാകും.പദ്ധതിക്കായി വിവിധ സ്വകാര്യ സ്ഥാപനങ്ങളെയും സമീപിക്കും. അത്തരം സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആര്) പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഫണ്ട് ഇതിനായി ലഭ്യമാക്കും. നൂറുശതമാനം ലക്ഷ്യം നേടുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കാണ് വിദ്യാഭ്യാസ യാത്രയില്‍ ഉള്‍പ്പെടുത്തി വിദേശ നാടുകള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുകയെന്നും അധികൃതര്‍ അറിയിച്ചു.