മതിയായ ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിറ്റഴിച്ചതിന്റെ പേരില്‍ ഓണ്‍ലൈൻ കച്ചവട ഭീമന്മാരായ ആമസോണ്‍, ഫ്ലിപ്‍കാർട്ട് കമ്ബനികളുടെ ഗോഡൗണുകളില്‍ റെയ്ഡ്.ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) അധികൃതരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നിർമ്മിച്ച മതിയായ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. നിലവാരം കുറഞ്ഞ സാധനങ്ങള്‍ വിറ്റഴിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് റെയ്ഡ് നടത്തിയതെന്ന് ദേശീയ ഉപഭോക്തൃകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
നിലവാരം കുറഞ്ഞ സാധനങ്ങള്‍ കൂടാതെ അംഗീകാരമില്ലാത്ത ചില കളിപ്പാട്ടങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും ഇലക്‌ട്രോണിക് പ്ലാറ്റ്ഫോമുകള്‍ വഴി വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലക്നൗ, ഗുരുഗ്രാം, ദില്ലി എന്നിവിടങ്ങളിലെ ഗോഡൗണുകളിലായിരുന്നു പരിശോധന നടന്നത്. ആമസോണിനും ഫ്ലിപ്‍കാർട്ടിനും പുറമെ അംഗീകാരമില്ലാത്ത ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ടെക് വിഷൻ ഇന്റർനാഷണല്‍ എന്ന സ്ഥാപനത്തിലും റെയ്ഡ് നടന്നു. കഴിഞ്ഞ ദിവസമായിരുന്നു റെയ്ഡ്.
നൂറുകണക്കിന് അംഗീകാരമില്ലാത്ത കളിപ്പാട്ടങ്ങളാണ് ലക്നൗ, ഗുരുഗ്രാം എന്നിവിടങ്ങളിലെ ആമസോണ്‍ ഗോഡൗണുകളില്‍ നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്തത്. ഹാന്റ് ബ്ലെൻഡറുകള്‍, അലൂമിനിയം ഫോയിലുകള്‍, മെറ്റലിക് വാട്ടർ ബോട്ടിലുകള്‍, പിവിസി കേബിള്‍, ഫുഡ് മിക്സർ, സ്പീക്കറുകള്‍ എന്നിവയും പിടിച്ചെടുത്തു. ഗുരുഗ്രാമില്‍ ഇൻസ്റ്റകാർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഓപ്പറേറ്റ് ചെയ്തിരുന്ന ഫ്ലിപ്കാർട്ട് വെയർഹൗസിലും പരിശോധന നടന്നു. ഇവിടെ നിന്ന് അംഗീകരമാല്ലാത്ത സ്റ്റെയിൻലെസ് ബോട്ടിലുകള്‍, കളിപ്പാട്ടങ്ങള്‍, സ്പീക്കറുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.
ബിഐഎസ് അംഗീകാരമില്ലാത്ത 7000 ഇലക്‌ട്രിക് വാട്ടർ ഹീറ്ററുകള്‍, 4000 ഇലക്‌ട്രിക് ഫുഡ് മിക്സറുകള്‍, 95 റൂം ഹീറ്ററുകള്‍, 40 ഗ്യാസ് സ്റ്റൗവുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. അപകട സാധ്യതയില്ലാതിനാല്‍ തന്നെ ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കാൻ ബിഐഎസ് അംഗീകാരം നിർബന്ധമാണ്. ഐസ്‌ഐ മാർക്കോ സാധുതയുള്ള ലൈസൻസ് നമ്ബറോ ഇല്ലാത്ത ഇത്തരം ഉത്പന്നങ്ങള്‍ ആവശ്യമായ ഗുണനിലവാര പരിശോധനകള്‍ പൂർത്തീകരിച്ചിട്ടുണ്ടാവില്ലെന്നും അതുകൊണ്ടു തന്നെ സുരക്ഷാ പ്രശ്നങ്ങള്‍ ഉയർത്തുമെന്നും അധികൃതർ അറിയിച്ചു. വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വഴി നിലവാരം കുറഞ്ഞ നിരവധി ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ബിഐഎസ് അധികൃതർ പറഞ്ഞു.