പാലക്കാട് – ബെംഗളൂരു കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്ത് രാഹുല്‍ മങ്കൂട്ടത്തില്‍ എംഎല്‍എ.ലൈംഗികാരപണങ്ങള് ഉയർന്നതിന് ശേഷം ആദ്യമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സർക്കാർ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാത്രി ഒമ്ബതു മണിക്ക് പാലക്കാട് ഡിപ്പോയിലായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സർക്കാർ പരിപാടികളില്‍ നിന്നും തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ചടങ്ങിനിടെ പ്രതിഷേധമൊന്നും ഉണ്ടായില്ല. പരിപാടിയെ കുറിച്ച് അറിഞ്ഞില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
ഇന്നലെ രാത്രി എട്ടേമുക്കാലിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഡിപ്പോയിലെത്തിയത്. ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച ശേഷം ഡിപ്പോയിലുണ്ടായിരുന്ന ജീവനക്കാരോടും യാത്രക്കാരോടും സൗഹൃദവും പങ്കുവെച്ച ശേഷമാണ് എംഎല്‍എ മടങ്ങിയത്. സിഐടിയു ബിഎംഎസ് നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ശേഷം കഴിഞ്ഞ മാസം 24നാണ് രാഹുല്‍ മണ്ഡലത്തിലെത്തിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അന്ന് രാഹുല്‍ പാലക്കാടെത്തിയത്. മണ്ഡലത്തില്‍ എത്താതിരിക്കാൻ തനിക്ക് ആകില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
രാഹുലിന്റെ വരവ് വലിയ വിവാദമുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസിന്റെ മൗനാനുവാദത്തോടെയാണ് രാഹുല്‍ പാലക്കാടെത്തിയതെന്നായിരുന്നു വിവരം.മണ്ഡലത്തിലെത്തും മുൻപെ രാഹുല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന-ജില്ലാ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തില്‍ രാഹുല്‍ സജീവമാകണമെന്ന ആവശ്യം ഡിസിസിയും ജില്ലാ മുസ്ലിം ലീഗും കെപിസിസിയെ അറിയിച്ചിരുന്നു. ബെന്നി ബഹനാൻ എംപി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, കെപിസിസി ജനറല്‍ സെക്രട്ടറിമാർ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനൊപ്പം ഏറെനേരം ഇരിക്കുന്നതിന്റെയും പിന്തുണക്കുന്നതിന്റെയും ചിത്രവും പുറത്ത് വന്നിരുന്നു.
ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങളും പ്രതിഷേധങ്ങളും മറികടന്ന് 38 ദിവസത്തിന് ശേഷം രാഹുല്‍ മണ്ഡലത്തിലെത്തിയപ്പോള്‍, പുറത്താക്കിയെന്ന് പലതവണ പറഞ്ഞ അതേ കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ സംരക്ഷിക്കുന്ന കാഴ്ചയായിരുന്നു പാലക്കാട് കണ്ടത്.പാലക്കാട് ഡിപ്പോയില്‍ നിന്നു ബെംഗളൂരുവിലേക്ക് ആദ്യമായാണ് എസി സീറ്റർ ബസ് അനുവദിച്ചത്.
അത്യാധുനിക സൗകര്യങ്ങളുള്ള ബസില്‍ പുഷ്ബാക്ക് സംവിധാനമുള്ള 50 സീറ്റുകളാണുള്ളത്. പാലക്കാട് ഡിപ്പോയില്‍ നിന്നു രാത്രി ഒൻപതിനും ബെംഗളൂരുവില്‍ നിന്നു 9.15നും പുറപ്പെടും. പാലക്കാട്ടു നിന്നു ബെംഗളൂരുവിലേക്ക് ഞായറാഴ്ചകളില്‍ 1171 രൂപയും, മറ്റു സാധാരണ ദിവസങ്ങളില്‍ 900 രൂപയുമാണ് നിരക്ക്. ഡിപ്പോ എൻജിനീയർ എം.സുനില്‍, ജനറല്‍ കണ്ട്രോള് ഇൻസ്പെക്ടർ സഞ്ജീവൻ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.