ബെംഗളൂരു: ഭാരത് ജോഡോ യാത്ര അവസാനിക്കുന്നതോടെ കര്‍ണാടകയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാഹുല്‍ ഗാന്ധി. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരാനാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ജനവരി 30 നാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്.
ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തില്‍ നേരത്തേ ഹിമാചല്‍, ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രചരണം നയിച്ചിരുന്നില്ല. എന്നാല്‍ കര്‍ണാടകയില്‍ അദ്ദേഹം സജീവമായി തന്നെ ഇറങ്ങുമെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് നയിക്കുന്ന പ്രജാധ്വനി യാത്രയില്‍ അദ്ദേഹം പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ് പറഞ്ഞു. പ്രചരണം അവസാനിക്കുന്നത് വരെ മാസത്തില്‍ മൂന്ന് തവണയെങ്കിലും രാഹുല്‍ കര്‍ണാടകയിലെത്തും’, നേതാക്കള്‍ പറഞ്ഞു.
ത്തവണയും കര്‍ണാടകത്തില്‍ മോദി പ്രഭാവം ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ദേശീയ നേതാക്കളെ എത്തിച്ച് പ്രചരണം കൊഴുപ്പിക്കാനാണ് പാര്‍ട്ടി പദ്ധതി ഒരുക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിലൂടെ ബി ജെ പിയെ മറികടക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.
ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും അപേക്ഷ സ്വീകരിച്ചിരുന്നു. 1400 ഓളം അപേക്ഷകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഫെബ്രുവരി 3 നുള്ളില്‍ തിരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് ആദ്യ ഘട്ട പട്ടിക തയ്യാറാക്കും. സ്ക്രീനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലൂള്ള പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അന്തിമ പട്ടിക പുറത്തുവിടുക. ഫെബ്രുവരി പകുതിയോടെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് എത്തുന്ന രാഹുല്‍ ഗാന്ധി വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയേക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കര്‍ണാടകത്തില്‍ പ്രചരണത്തിനെത്തിയപ്പോള്‍ അധികാരം ലഭിച്ചാല്‍ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
‘കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനമാണ് കര്‍ണാടക. ഇത്തവണ കോണ്‍ഗ്രസിന് വലിയ സാധ്യതയാണ് സംസ്ഥാനത്ത് കല്‍പ്പിക്കപ്പെടുന്നത്. പുറത്തുവന്ന സര്‍വ്വേകളില്‍ പലതിലും കോണ്‍ഗ്രസിനാണ് മുന്‍തീക്കും. പാര്‍ട്ടി ആഭ്യന്തര സര്‍വ്വേകളിലും കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കപ്പെടുന്നുണ്ട്. 224 അംഗ നിയമസഭയില്‍ 120 ന് മുകളില്‍ സീറ്റുകള്‍ നേടുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അതേസമയം മറുവശത്ത് ബി ജെ പിയാകട്ടെ കടുത്ത പ്രതിസന്ധിയാണ് തിരഞ്ഞെടുപ്പിന് മുന്‍പ് നേരിടുന്നത്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പയെ മാറ്റി നിര്‍ത്തിയത് മുതലുള്ള അതൃപ്തികള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പലയിടങ്ങളില്‍ നിന്നും തലപൊക്കു്നുണ്ട്. ഭരണ വിരുദ്ധ വികാരവും ശക്തമാണ്. സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിഗായത്ത് സമുദായമടക്കം ബി ജെ പിക്കെതിരെ രംഗത്തെത്തിയ സാഹചര്യം ഉണ്ട്. ഇതിനെയെല്ലാം മറികടന്ന് ദക്ഷിണേന്ത്യയില്‍ അധികാരമുള്ള ഏക സംസ്ഥാനം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടി. മിഷന്‍ 120 പ്രഖ്യാപിച്ചാണ് ബിജെപിയുടെ പ്രചരണങ്ങള്‍. കര്‍ണാടക ഇത്തവണ കൈവിട്ടാല്‍ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ബി ജെ പിക്ക് ഏല്‍ക്കുന്ന കനത്ത തിരിച്ചടിയായിരിക്കുമത്.