ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. എന്‍ഡിഎ സര്‍ക്കാര്‍ എന്നാല്‍ നോ ഡാറ്റ അവെയ്‌ലബിള്‍ സര്‍ക്കാര്‍ എന്നാണെന്നും രാജ്യത്ത് നടക്കുന്ന ഒരു കാര്യത്തിനും വ്യക്തമായ രേഖകളില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുകയാണ് കേന്ദ്രത്തിന് വേണ്ടതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
“കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്തുണ്ടായ ഓക്‌സിജന്റെ ലഭ്യതക്കുറവിനും, പ്രക്ഷോഭത്തില്‍ മരിച്ച കര്‍ഷകരുടെ കാര്യത്തിനും, ആദ്യത്തെ രാജ്യവ്യാപക ലോക്ഡൗണില്‍ കാല്‍നടയാത്രയ്ക്കിടെ മരിച്ച അഭയാര്‍ഥികളുടെ മരണത്തിനുമൊന്നും രേഖകളില്ലെന്ന് ജനങ്ങള്‍ വിശ്വസിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഒരു ആള്‍ക്കൂട്ട കൊലപാതകവും രാജ്യത്ത് നടക്കുന്നില്ലെന്നും ഒരു മാധ്യമപ്രവര്‍ത്തകരും രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെടുന്നില്ലെന്നും ജനങ്ങള്‍ വിശ്വസിക്കണം. ഒരു രേഖയും ഒരു ഉത്തരവും ഒരു ഉത്തരവാദിത്തവുമില്ലാത്ത സര്‍ക്കാരാണ് എന്‍ഡിഎ”. രാഹുല്‍ കുറിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് രാഹുലിന്റെ ട്വീറ്റ്. പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ സ്ലോഗനുഗളുയര്‍ത്തിയിരുന്നു.