Home Featured രാഘവ് ഛദ്ദയും പരിണീതി ചോപ്രയും വിവാഹിതരായി

രാഘവ് ഛദ്ദയും പരിണീതി ചോപ്രയും വിവാഹിതരായി

by admin

ഉദയ്പൂര്‍: ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും ബോളിവുഡ് നടി പരിണീതി ചോപ്രയും വിവാഹിതരായി. ഞായറാഴ്ച രാജസ്ഥാനിലെ ഉയദ്പൂരില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രമുഖര്‍ അടക്കം നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ നേര്‍ന്ന് രംഗത്തെത്തിയത്.

ഏറെ നാളായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നെന്നും പരസ്‌പരം ഒന്നിക്കാതെ ജീവിക്കാൻ കഴിയുമായിരുന്നില്ലെന്നും ഒടുവില്‍ ഒന്നിക്കാനുള്ള ഭാഗ്യം ലഭിച്ചെന്നും ദമ്ബതികള്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. വിവാഹത്തിനെത്തുന്നവരെ സ്വീകരിക്കാൻ ഉദയ്പൂര്‍ എയര്‍പോര്‍ട്ട് അടക്കം അലങ്കരിച്ചിരുന്നു. വിവാഹ വേദിയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ടെന്നിസ് താരം സാനിയ മിര്‍സ, ക്രിക്കറ്റ് താരം ഹര്‍ഭജൻ സിങ് തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ രാജസ്ഥാനിലെത്തിയിരുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ മുംബൈയിലെ ഭക്ഷണശാലയില്‍നിന്ന് ഒരുമിച്ച്‌ പുറത്ത് പോകുന്ന ഫോട്ടോ പുറത്തുവന്ന ശേഷമാണ് ഇരുവരും വിവാഹിതരാകുന്നെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാൻ തുടങ്ങിയത്. മേയ് 13ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം.

രണ്‍വീര്‍ സിങ്ങും അനുഷ്‌ക ശര്‍മയും പ്രധാന വേഷങ്ങളില്‍ എത്തിയ ലേഡീസ് വേഴ്‌സസ് റിക്കി ബാല എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ പരിണീതി ചോപ്ര നമസ്‌തേ ഇംഗ്ലണ്ട്, സന്ദീപ് ഓര്‍ പിങ്കി ഫരാര്‍, ദ ഗേള്‍ ഓണ്‍ ഓണ്‍ ദ ട്രെയിന്‍, സൈന, ദാവത്ത് ഇ ഇഷ്‌ക്, കോഡ് നെയിം തിരംഗ തുടങ്ങിയവയിലും വേഷമിട്ടു. അമര്‍ സിങ് ചംകിലയാണ് പുറത്തിറങ്ങാനുള്ള ചിത്രം.

ആം ആദ്മിയുടെ യുവനേതാക്കളില്‍ ഒരാളായ രാഘവ് ഛദ്ദ അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ സമരത്തിലൂടെയാണ് പൊതുരംഗത്ത് ശ്രദ്ധേയനാവുന്നത്. ആം ആദ്മി പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ അതില്‍ ചേരുകയും പിന്നീട് ഡല്‍ഹി രാജേന്ദ്ര നഗറില്‍നിന്ന് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവില്‍ ഏറ്റവും പ്രായം കുറഞ്ഞ രാജ്യസഭാംഗമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group