കർണാടക ധർമസ്ഥലയിലെ വെളിപ്പെടുത്തലിൽ വിചിത്ര വാദവുമായി കർണാടകയിലെ പ്രതിപക്ഷ നേതാവ് ആർ അശോക. വെളിപ്പെടുത്തലിന് പിന്നിൽ ഒരു മുസ്ലിം ആണ്. കേരള സർക്കാരിന്റെ അദൃശ്യമായ കരങ്ങൾ സംഭവത്തിന് പിന്നിലുണ്ട്. കേരളത്തിലാണ് ഗൂഢാലോചന നടന്നത് . കേരളസർക്കാരിന് വിഷയത്തിൽ പങ്കുണ്ടെന്ന് ആർ. അശോക നേരത്തെ ആരോപിച്ചിരുന്നു.അതേസമയം മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഇന്നും തെളിവെടുപ്പ് തുടരും. നേരത്തെ തെളിവെടുപ്പ് പൂർത്തിയാക്കി മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി വ്യക്തമാക്കിയ ഇടങ്ങളിൽ കുഴിച്ചു പരിശോധന നടത്താനും നീക്കമുണ്ട്.
അങ്ങനെയെങ്കിൽ ഉച്ചയോടെ കുഴിച്ച് പരിശോധനയും തുടങ്ങും. ഇതിനായുള്ള സംഘത്തെ നിശ്ചയിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ ഉള്ളിലാണ് ഭൂരിഭാഗം സ്പോട്ടുകളും. 13 കാരിയെ കുഴിച്ചിട്ടെന്ന് മൊഴി നൽകിയ ഇടമാണ് ഇന്ന് പ്രധാനമായും പരിശോധിക്കാനുള്ളത്. ഇന്നലത്തെ സ്പോട് മാപ്പിങ് വിവരങ്ങൾ യോഗം ചേർന്ന് വിലയിരുത്തി. ആന്റി നക്സൽ ഫോഴ്സ് ആണ് സ്പോട്ടുകൾക്ക് സുരക്ഷയൊരുക്കുന്നത്.
അതേസമയം പരാതിക്കാരൻ മുസ്‌ലിമാണെന്ന അശോകിൻ്റെ ആരോപണങ്ങൾ തെറ്റാണെന്നാണ് ദേശീയ മാധ്യമമായ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഹിന്ദുവാണ് പരാതിക്കാരൻ എന്ന് വ്യത്യസ്ത സോഴ്സുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹിന്ദു റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2018ലെ സാക്ഷികളെ സംരക്ഷിക്കുന്ന നിയമപ്രകാരം സംരക്ഷണം ലഭിക്കുന്നതിനാൽ അയാളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ട്.അതേസമയം, ധർമസ്ഥലയിലെ ക്ഷേത്രപരിസരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ അന്വേഷണസംഘം അന്വേഷണം തുടരുകയാണ്. മണ്ണ് നീക്കിയുള്ള പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്.
മൊഴിയെടുപ്പിനിടെ മൃതദേഹങ്ങൾ കുഴിച്ചിട്ടത് എവിടെയെല്ലാമാണ് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി കൃത്യമായ സൂചനകൾ നൽകിയിരുന്നു.1998നും 2014നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നൽകിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.